തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ യൂണിവേഴ്സിറ്റി കോളേജിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രതികളായേക്കും. ചോദ്യപേപ്പര്‍ ചോര്‍ത്തിയതിലും ഉത്തരങ്ങള്‍ പറഞ്ഞ് നല്‍കിയതിലും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതി പി.പി. പ്രണവ് സമ്മതിച്ചു. എന്നാല്‍ അവരുടെ പേര് വെളിപ്പെടുത്താന്‍ തയാറാകാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ മുന്‍ യൂണിറ്റ് കമ്മിറ്റി അംഗവും വിവാദമായ പി.എസ്.സി പട്ടികയിലെ രണ്ടാം റാങ്കുകാരനുമായ പി.പി. പ്രണവാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ എന്നാണ് മറ്റ് പ്രതികളുടെ മൊഴി. കീഴടങ്ങിയ പ്രണവിനെ കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ ചോദ്യപേപ്പര്‍ എങ്ങിനെ ചോര്‍ന്നൂവെന്നായിരുന്നു അന്വേഷണസംഘത്തിന് പ്രധാനമായി അറിയേണ്ടിയിരുന്നത്. ചില സുഹൃത്തുക്കള്‍ സഹായിച്ചൂവെന്നതിനപ്പുറം പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി അന്വേഷണം വഴിതെറ്റിക്കാനാണ് പ്രണവ് ശ്രമിച്ചത്. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ സുഹൃത്തായ ഒരു വിദ്യാര്‍ഥിയാണ് ചോദ്യപേപ്പര്‍ പുറത്തെത്തിച്ചതെന്നും മറ്റ് ചില സുഹൃത്തുകള്‍ ഉത്തരങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചെന്നും സമ്മതിച്ചു. എന്നാല്‍ ഇവരുടെ പേരുകള്‍ പറയാന്‍ ഇയാള്‍ തയാറാകുന്നില്ല. അതിനാല്‍ ഹൈടെക് സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയതെളിവുകള്‍ നിരത്തി ചോദ്യംചെയ്ത് സത്യം പുറത്തെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം പരീക്ഷ എഴുതിയ സ്കൂളില്‍ എത്തിച്ച്‌ നടത്തിയ തെളിവെടുപ്പില്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച പ്രണവ് ശിവരഞ്ചിത്തിനൊപ്പം ചേര്‍ന്നാണ് ആസൂത്രണമെന്നും പറഞ്ഞു. 26 വയസാകാറായതിനാല്‍ ഇനിയും വൈകിയാല്‍ പൊലീസില്‍ ജോലി ലഭിക്കില്ലായെന്നതും പഠിച്ച്‌ എഴുതിയാല്‍ ജയിക്കില്ലെന്ന് ഉറപ്പുള്ളതുമാണ് തട്ടിപ്പിനേക്കുറിച്ച്‌ ആലോചിക്കാന്‍ കാരണം. ശിവരഞ്ചിത്തിന്റെ കൈവശം സ്മാര്‍ട് വാച്ചുണ്ടായിരുന്നതിനാല്‍ അതുപയോഗിച്ച്‌ തട്ടിപ്പ് ആസൂത്രണം ചെയ്തെന്നും പറഞ്ഞു. ഒളിവില്‍ കഴിഞ്ഞ ഇടങ്ങളിലെത്തിച്ച്‌ തെളിവെടുപ്പും ചോദ്യംചെയ്യലും തുടരുകയാണ്.