കാക്കനാട്: സ്വകാര്യബസ്സുടമകള്‍ സെപ്റ്റംബര്‍ 20 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ എസ് സുഹാസ് നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. വൈറ്റിലയില്‍ ബസുകളുടെ ഗതാഗതക്രമീകരണം, സ്വകാര്യ ബസുകളുടെ സമയത്ത് കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസ് എന്നിവയില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നത്.
പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടാകുമെന്നതിനാല്‍ പണിമുടക്കില്‍നിന്നു പിന്തിരിയാന്‍ ജില്ലാ കളക്ടര്‍ സ്വകാര്യ ബസ്സുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു. വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലി, എസിപി ഫ്രാന്‍സിസ് ഷെല്‍ബി, ആര്‍ടിഒ കെ. മനോജ് കുമാര്‍ തുടങ്ങിയവരുമായി അദ്ദേഹം ചര്‍ച്ച ചെയ്തു.
വൈറ്റില അണ്ടര്‍ പാസിലൂടെ ബസ്സുകള്‍ കടത്തിവിടുകയും ചെറുവാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്യുക, ബൈപ്പാസിനു പടിഞ്ഞാറു ഭാഗത്തെ സര്‍വ്വീസ് റോഡിലെ തടസ്സങ്ങള്‍ നീക്കി ഗതാഗത യോഗ്യമാക്കുക എന്നീ സാധ്യതകളാണ് പരിശോധിച്ചത്. സര്‍വ്വീസ് റോഡിലെ തടസ്സം നീക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടര്‍പാസിലൂടെ ബസ്സുകള്‍ കടത്തിവിടുന്നതിന്റെ ആവശ്യകത ഡിസിപിയുമായും ചര്‍ച്ച ചെയ്തു. ഇതു പ്രകാരം ഒരാഴ്ചക്കകം ആ റോഡ് ഗതാഗതയോഗ്യമാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.