ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍നേതാവ് കനയ്യകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ രാജ്യദ്രോഹ കേസില്‍ വിചാരണ നടത്തുന്നത് സംബന്ധിച്ച്‌ ഒരു മാസത്തിനകം തീരുമാനമെടുക്കാന്‍ കോടതി ഡല്‍ഹി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. വിചാരണക്ക് അനുമതിതേടിയുള്ള അപേക്ഷ ഡല്‍ഹി ആഭ്യന്തര വകുപ്പിന് നല്‍കിയെന്നും എന്നാല്‍ അനുമതി വൈകുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ തങ്ങള്‍ക്ക് ചെയ്യാനുള്ളതെല്ലാം പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാറിന്‍റെതീരുമാനത്തിന് കാത്തിരിക്കുകയാണെന്നുമാണ് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മനീഷ് ഖുറാനയെ പൊലീസ് അറിയിച്ചത്.

തീരുമാനം വൈകുന്നത് കോടതിയുടെ സമയം പാഴാക്കുകയാണെന്നും കേസ് തുടര്‍ച്ചയായി മാറ്റിവെക്കുകയാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു. കേസ് ഒക്ടോബര്‍ 25ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

കനയ്യകുമാര്‍, ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ജനുവരി 14നാണ് പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്ബതിന് ജെ.എന്‍.യു ക്യാമ്ബസില്‍ നടത്തിയ പ്രകടനത്തിനിടെ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നായിരുന്നു കേസ്.

കനയ്യ കുമാര്‍ അടക്കമുള്ള 10 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു.കുറ്റപത്രത്തില്‍ പറയുന്ന ഐ.പി.സി 124 എ രാജ്യദ്രോഹം, സി.ആര്‍.പി.സി 196 ക്രിമിനല്‍ ഗൂഢാലോചന എന്നിവ നിലനില്‍ക്കില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ നിലപാട്. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കുറ്റപത്രം നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായും സര്‍ക്കാര്‍ പറയുന്നു.