കാബൂള്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഫ്ഗാനിസ്താനിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 48 പേര് മരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രണ്ടിടങ്ങളില്‍ ബോംബ് സ്ഫോടനമുണ്ടായത്. പര്‍വാന്‍ പ്രവിശ്യയില്‍ അഫ്ഗാനിസ്താന് പ്രസിഡന്റ് അഷ്റഫ് ഗനി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലി നടന്ന പ്രദേശത്തിന് തൊട്ടടുത്തുള്ള ചെക്ക്പോയിന്റിലാണ് ആദ്യ സ്ഫോടനമുണ്ടായത്. സെന്‍ട്രല്‍ കാബൂളിലെ യു.എസ് എംബസിക്ക് സമീപമാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.
മോട്ടോര്‍ സൈക്കിളിലെത്തിയ ചാവേറാണ് ആദ്യ സ്ഫോടനം നടത്തിയത്. റാലിയില്‍ അഷ്റഫ് ഗനി സംസാരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 42 പേര്‍ക്ക് പരിക്കേറ്റു.
സെന്‍ട്രല്‍ കാബൂളിലെ യുഎസ് എംബസിക്ക് സമീപത്തെ രണ്ടാം സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 28നാണ് അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഭീകരവാദികളുടെ ആക്രമണം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.