ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി ഒക്ടോബര്‍ ഒന്നു വരെ നീട്ടി. എന്നാല്‍, ആദ്യം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാവൂയെന്നും പ്രത്യേക സിബിഐ കോടതി നിര്‍ദേശിച്ചു.
ശിവകുമാറിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ശിവകുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി വാദിച്ചു. ശിവകുമാറിന്റെ ആരോഗ്യ സ്ഥിതിമൂലം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വളരെ ചുരുങ്ങിയ സമയം മാത്രമേ ചോദ്യം ചെയ്യാനായുള്ളൂയെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജും കോടതിയെ അറിയിച്ചു. ശിവകുമാറിന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കുന്നതു വരെ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
ശിവകുമാറിന് 800 കോടിയുടെ ബെനാമി സ്വത്തുക്കള്‍ ഉണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമം അനുസരിക്കാന്‍ തയാറാണെന്നും എല്ലാ രേഖകളും ഇഡിക്കു നല്‍കാമെന്നും ശിവകുമാര്‍ പറഞ്ഞു. ശിവകുമാറിന് 317 ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നായിരുന്നു അന്വേഷണ ഏജന്‍സി കോടതിയില്‍ അറിയിച്ചത്. എന്നാല്‍, തനിക്ക് അഞ്ച് അക്കൗണ്ടുകള്‍ മാത്രമേ ഉള്ളൂവെന്ന് ശിവകുമാറും പറഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നിനാണ് അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.