തിരുവനന്തപുരം: ഓണാവധിക്കു ശേഷം തിരക്കേറിയ തിങ്കളാഴ്ച കെഎസ്‌ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം. 16ന് 8.32 കോടി രൂപയാണു വരുമാനമായി ലഭിച്ചത്. കെഎസ്‌ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘദൂര സര്‍വീസുകള്‍ സ്‌പെഷല്‍ സര്‍വീസുകള്‍ ആയി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉള്‍പ്പെടുത്തി ഓപ്പറേറ്റ് ചെയ്തതും നേട്ടമായി. ഇത്തവണ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന എല്ലാ സര്‍വീസുകളും നേരത്തെ തന്നെ യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാമായിരുന്നു.

ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനമാണു മികച്ച വരുമാനം കൈവരിക്കാന്‍ സഹായകമായതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. ദിനേശ് പറഞ്ഞു. അതേസമയം, ഓണാവധിക്കാലത്തു കെഎസ്‌ആര്‍ടിസിക്കു പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല.