അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ.കെ.നായരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. ഫ്‌ളാറ്റ് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും തല്‍സ്ഥിതി തുരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസംങ്ങളില്‍ നടത്തിവന്ന സമരം താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കുടിയൊഴിപ്പിക്കല്‍ നടപടികളുമായി നഗരസഭ മുന്നോട്ട് പോയാല്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമറിയിച്ച് 13 കമ്ബനികള്‍ എത്തിയെങ്കിലും സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ടെണ്ടര്‍ നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് നഗരസഭയുടെ തീരുമാനം. താത്പര്യപത്രം നല്‍കിയ കമ്ബനികളുടെ യോഗ്യതയാകും അടുത്ത ഘട്ടത്തില്‍ പരിഗണിക്കുക. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെ ക്കൂടി അറിയിച്ച് മുന്നോട്ട് പോകാനാണ് മരട് നഗരസഭയുടെ തീരുമാനം. ഇതുകൂടാതെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള നടപടികള്‍ ചീഫ് സെക്രട്ടറി അടുത്ത ദിവസം തന്നെ സുപ്രീംകോടതിയെ അറിയിക്കും.
ഫ്ളാറ്റ് ഒഴിയാന്‍ അഞ്ച് ദിവസത്തെ സമയപരിധിയാണ് നഗരസഭ താമസക്കാര്‍ക്ക് നല്‍കിയത്. ഈ നോട്ടീസിന്റെ സമയപരിധി അവസാനിച്ചതോടെ, താത്കാലിക പുനരധിവാസ സൗകര്യം ആവശ്യമുള്ളവര്‍ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ മറ്റൊരു നോട്ടീസ് കൂടി പതിച്ചിരുന്നു. അതിന്റേയും സമയപരിധി അവസാനിച്ചെങ്കിലും താമസക്കാരില്‍ ഒരാള്‍ പോലും മറുപടി നല്‍കിയില്ല. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് മുന്‍പില്‍ ഇനി രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതിയിലേക്ക് വരുന്നത്.