ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആയുഷ്മാന്‍ ഭാരത്തിന്റെ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കു ചികിത്സ നിഷേധിച്ചതടക്കം രാജ്യത്തെ 376 ആശുപത്രികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.

ഇതില്‍ 338 ആശുപത്രികള്‍ക്കെതിരെ നടപടിയെടുത്തു. പണം ഈടാക്കിയതടക്കം 1200 കേസുകള്‍ സ്ഥീരികരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ക്രിമിനല്‍ നടപടികളുമുണ്ടാവും. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗങ്ങളായ ആര്‍ക്കും രാജ്യത്തെവിടെയും സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഈ സൗകര്യം ഉണ്ടാവും. പദ്ധതി വഴി ഒരു വര്‍ഷത്തിനിടെ 45 ലക്ഷം നിര്‍ധന രോഗികളെ ചികിത്സിച്ചു. പിഴയിനത്തില്‍ 1.5 കോടി രൂപ ലഭിച്ചപ്പോള്‍, 97 ആശുപത്രികളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കി. തട്ടിപ്പു കാട്ടുന്ന ആശുപത്രികളുടെ പേര് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി.