ഫ്‌ളോറിഡ: ഭാര്യയേയും നാലു മക്കളേയും കൊന്ന് ആഴ്ചകളോളം മൃതശരീരങ്ങള്‍ വീട്ടിലും വാഹനത്തിലുമായി സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. അമേരിക്കയില്‍ ഫ്ളോറിഡയിലെ ഒക്കാലയിലാണ് സംഭവം. മൈക്കിള്‍ ജോണ്‍സന്‍ (37) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം ജോര്‍ജിയ ബ്രാന്‍റ്ലി കൗണ്ടിയില്‍ ജോണ്‍സ് ഓടിച്ച വാഹനം അപകടത്തില്‍പെട്ടതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. വാഹനത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ ശരീരം വാഹനത്തില്‍ നിന്നും കണ്ടെടുത്തു. ചാള്‍ട്ടണ്‍ കൗണ്ടിയില്‍ നിന്നും നാലു കുട്ടികളുടേയും മൃതശരീരം കണ്ടെത്തി.

ഭാര്യ കേസി ജോണ്‍ (32), ഒന്നു മുതല്‍ 10 വയസു വരെ പ്രായമുള്ള നാലു കുട്ടികള്‍ എന്നിവരെ ആറാഴ്ചകള്‍ക്ക് മുമ്ബാണ് കാണാതായത്. ഇവരുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.