മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിയ്ക്കുന്നത് ഒഴിവാക്കാൻ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനസർക്കാർ ഒരുങ്ങുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയേ തീരൂ എന്ന സ്ഥിതിയിലാണ് സംസ്ഥാനസർക്കാരെന്നും, എന്നാൽ ഇതിൽ കൂടുതൽ നിയമപരമായി എന്ത് നടപടിയെടുക്കാനാകും എന്നതിൽ അറ്റോർണി ജനറലിൽ നിന്ന് നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. ഇത് കണക്കിലെടുത്ത് മരടിലെ സമരം തൽക്കാലം നിർത്തി വയ്ക്കുകയാണെന്ന് ഫ്ലാറ്റുടമകൾ വ്യക്തമാക്കി.
മുഖ്യമന്ത്രി കേന്ദ്രപരിസ്ഥിതി മന്ത്രിയുമായി സംസാരിക്കും. എന്നാൽ ദില്ലിയിലേക്ക് സർവകക്ഷിസംഘത്തെ അയക്കാനുള്ള നിർദേശത്തിൽ സർവകക്ഷിയോഗത്തിൽ തീരുമാനമായില്ല. കെട്ടിടനിർമാതാക്കളെയോ കമ്പനികളെയോ കരിമ്പട്ടികയിൽ പെടുത്തുന്ന തരത്തിലുള്ള നടപടികളും സർവകക്ഷിയോഗത്തിലുണ്ടായില്ല. യോഗത്തിൽ ഫ്ളാറ്റ് നിർമാതാക്കൾക്കെതിരായ പൊതുവികാരമാണ് ഉയർന്നത്. നഷ്ടപരിഹാരം ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കി നൽകണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
മരടിലെ അനിശ്ചിതകാല സമരം തൽക്കാലം നിർത്തി വയ്ക്കുകയാണെന്ന് സർവകക്ഷിയോഗത്തിലെ തീരുമാനങ്ങളറിഞ്ഞ ശേഷം ഫ്ലാറ്റുടമകൾ വ്യക്തമാക്കി. അനുകൂലിച്ചുകൊണ്ടുള്ള സർവകക്ഷിയോഗത്തിലെ തീരുമാനങ്ങളിൽ സന്തോഷമുണ്ട്. അതേസമയം, ഫ്ലാറ്റ് പൊളിക്കുന്നതടക്കമുള്ള എന്തെങ്കിലും നടപടികളുമായി ഏതെങ്കിലും അധികൃതർ എത്തിയാൽ പ്രതിഷേധിക്കുമെന്നും തടയുമെന്നും താമസക്കാർ വ്യക്തമാക്കി.
എന്നാൽ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ ഒരു അന്തിമതീരുമാനമെടുക്കാനല്ല സർവകക്ഷിയോഗമെന്ന് ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. എല്ലാവരുടെയും അഭിപ്രായം തേടാനാണ് സര്‍വ്വകക്ഷിയോഗമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പരിഹാരം കോടതിയില്‍ നിന്ന് തന്നെയാണ് വേണ്ടതെന്നും പറഞ്ഞു.
താൽക്കാലിക പുനരധിവാസത്തിന് ആരും അപേക്ഷിച്ചില്ല
മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകൾക്ക് താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ താൽക്കാലിക പുനരധിവാസം വേണ്ടവർ അപേക്ഷിക്കണമെന്നാണ് മരട് നഗരസഭ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരും അത്തരത്തിലൊരു അപേക്ഷ ഉന്നയിച്ചില്ല. ഇതോടെ, താൽക്കാലിക പുനരധിവാസം ആർക്കും വേണ്ടെന്ന റിപ്പോർട്ട് സർക്കാരിന് നൽകുമെന്നാണ് നഗരസഭയുടെ നിലപാട്.
375 കുടുംബങ്ങളാണ് അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലായി താമസിക്കുന്നത്. ഒഴിഞ്ഞുപോകണമെന്ന നഗരസഭയുടെ നോട്ടീസ് ഈ ഫ്ലാറ്റുടമകളാരും ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ, താൽക്കാലിക പുനരധിവാസം വേണോ എന്ന് ചോദിച്ചുകൊണ്ടുള്ള നോട്ടീസും ആരും കൈപ്പറ്റുകയോ മറുപടി നൽകുകയോ ചെയ്തില്ല.
ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആന്‍റ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്‍റെ ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നെട്ടൂരുള്ള ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിംഗ് ആന്‍റ് കൺസ്ട്രക്ഷൻസിന്‍റെ നെട്ടൂർ കേട്ടേഴത്ത് കടവിലുള്ള ജെയിൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഹോളിഡേ ഹെറിറ്റേജ് (നിർമാണം തീർന്നിട്ടില്ല) എന്നിവയാണ് സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ഫ്ലാറ്റുകൾ.
സെപ്റ്റംബർ 15-നാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ നഗരസഭ നൽകിയ അവസാനതീയതി. എന്നാൽ ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഫ്ലാറ്റുടമകൾ. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം. ഇല്ലെങ്കിൽ ഞങ്ങളെ വച്ച് തന്നെ കെട്ടിടം പൊളിയ്ക്കട്ടെ എന്ന കടുത്ത നിലപാടിൽ ഫ്ലാറ്റുടമകൾ തുടരുന്നു. സെപ്റ്റംബർ 20 ആണ് ഫ്ലാറ്റ് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി നിർദേശിച്ച അവസാനദിവസം. സെപ്റ്റംബർ 23-ന് ഫ്ലാറ്റ് പൊളിച്ചു നീക്കിയെന്ന റിപ്പോർട്ടുമായി ചീഫ് സെക്രട്ടറിയോട് ഹാജരാകാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.
എന്നാൽ സിപിഎമ്മും കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയപാർട്ടികൾ മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് വി എസ് അച്യുതാനന്ദന്‍റെയും വി എം സുധീരന്‍റെയും നിലപാട്. മരടിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെടുന്നു. പക്ഷേ, യുഡിഎഫിലും എൽഡിഎഫിലും വിഷയത്തെച്ചൊല്ലി ഭിന്നതകളുണ്ടെന്നത് വ്യക്തം. മരട് ഫ്ലാറ്റ് പൊളിക്കൽ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ എംപിമാരായ എൻ കെ പ്രേമചന്ദ്രനും ടി എൻ പ്രതാപനും ഒപ്പിട്ടിട്ടില്ല.
എന്നാൽ ഒന്നുമറിയില്ലെന്ന നിലപാടിലാണ് ബിൽഡർമാരിപ്പോൾ. ഫ്ലാറ്റുകൾ വിൽപന നടത്തിക്കഴിഞ്ഞു. അതിൻമേലുള്ള ഉടമസ്ഥാവകാശം ഇനി ഫ്ലാറ്റുടമകൾക്കാണെന്നും ബിൽഡർമാർ വാദിക്കുന്നു. ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതിയുടെ അന്തിമ വിധിയിൽ നിയമലംഘനം നടത്തിയ കെട്ടിടമുടമകളിൽ നിന്ന് ഫ്ലാറ്റിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഈടാക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നിർമ്മാതാക്കളുടെ കൈയ്യൊഴിയൽ. ഫ്ലാറ്റ് ഒഴിപ്പിക്കുമ്പോൾ 343 കുടുംബങ്ങളിലായി 1472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ഒഴിപ്പിക്കലുമായോ കണക്കെടുപ്പിലോ കുടുംബങ്ങൾ സഹകരിക്കുന്നില്ല. അതിനാൽ തുടർനടപടി എങ്ങനെ വേണമെന്ന് സർക്കാർ നിർദ്ദേശിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസഹായം തേടും
മരടിൽ കേന്ദ്രസർക്കാരിന്‍റെ കൂടി സഹായം തേടിയാകും തുടർനടപടികളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ട്. പക്ഷേ മരടിലേത് സവിശേഷ കേസാണ്. അതുകൊണ്ടുതന്നെ സുപ്രീംകോടതിയിൽ തുടർ നടപടികൾ എടുക്കുമ്പോൾ പ്രമുഖ അഭിഭാഷകൻ തന്നെ സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടിടനിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്താനുള്ള അന്തിമ തീരുമാനമുണ്ടായില്ലെങ്കിലും അത്തരം നടപടികൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തിനു വേണ്ടി സുപ്രീംകോടതിയിലെ ഉന്നതനായ അഭിഭാഷകന്‍ തന്നെ ഹാജരാകും. നിയമപരമായി ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്.
സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ബാധ്യതയാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. എന്നാല്‍ ഈ കേസില്‍ സവിശേഷമായ ചില പ്രശ്നങ്ങള്‍ കാണാവുന്നതാണ്. നേരത്തെയുള്ള കോടതി വിധികളെല്ലാം ഫ്ളാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഫ്ളാറ്റ് വാങ്ങി താമസിച്ചുവരുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് പ്രധാന പ്രശ്നം. ഒരു ഭാഗത്ത് ഭവനരഹിതര്‍ക്ക് വീടുവെച്ചു കൊടുക്കുകയും മറുഭാഗത്ത് വാസഗൃഹങ്ങള്‍ പൊളിച്ചുകളയുകയും ചെയ്യുന്ന സമീപനം ഒരു സര്‍ക്കാരിനും സ്വീകരിക്കാനാകില്ല. അനധികൃത നിര്‍മാണം നടത്തിയ ഫ്ളാറ്റുടമകള്‍ രക്ഷപ്പെടുകയും ഫ്ളാറ്റിലെ താമസക്കാര്‍ ഭവനരഹിതരാകുകയും ചെയ്യുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണ്.
ഈ പ്രശ്നത്തിന് പ്രാഥമികമായി ഉത്തരവാദികള്‍ കെട്ടിടനിര്‍മാതക്കളാണ്. നിര്‍മാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ തെറ്റ്. നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. ഈ നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തി തുടര്‍ന്നുള്ള കച്ചവടങ്ങളില്‍ നിന്ന് വിലക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുകയും ഫ്ളാറ്റിലെ താമസക്കാരെ സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.