അബുദാബി: പതിനെട്ടോളം അമുസ്ലിം ആരാധനാ കേന്ദ്രങ്ങള്‍ക്ക് അബുദാബിയില്‍ ലൈസന്‍സ് ഉടന്‍ ലഭ്യമാക്കും. ആരാധനാലയങ്ങളെ ഏകീകൃത ഭരണനിര്‍വഹണ സംവിധാനത്തിന്റെകീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലൈസന്‍സ് ലഭ്യമാക്കുന്നതെന്ന് വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ദാഹിരി വ്യക്തമാക്കി
22-ന് എമിറേറ്റ്സ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹിക വികസന വകുപ്പാണ് ലൈസന്‍സുകള്‍ കൈമാറുക. പള്ളികള്‍, അമ്ബലങ്ങള്‍, സിഖ് ഗുരുദ്വാരകള്‍ എന്നിവയ്‌ക്കെല്ലാമുള്ള ലൈസന്‍സുകള്‍ ഇത്തരത്തില്‍ നല്‍കും.
ആരാധനാ കേന്ദ്രവുമായി ബന്ധപ്പെട്ട ലൈസന്‍സ് ആവശ്യങ്ങള്‍ക്ക് സാമൂഹിക വികസന വകുപ്പില്‍ അപേക്ഷിക്കണമെന്നും അല്‍ ദാഹിരി പറഞ്ഞു. വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കാണ് ലൈസന്‍സുകള്‍ അനുവദിക്കുകയെന്നാണ് വിവരം.
ഏതെങ്കിലും പൊതുസ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പുതിയ ആരാധനാലയങ്ങള്‍ സ്ഥാപിക്കാനോ അനുബന്ധ സേവനങ്ങള്‍ സ്ഥാപിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ വകുപ്പുമായി ബന്ധപ്പെടുകയാണ് വേണ്ടത്. സമാധാനം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നിവയ്ക്ക് വേണ്ടി വാദിക്കുന്ന ഈ ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് അബുദാബിയുടെ പ്രാദേശികവും ആഗോളവുമായ നില ഉയര്‍ത്തുന്നതിന് കാരണമാകുമെന്ന് സാമൂഹിക വികസന വകുപ്പ് വ്യക്തമാക്കി.