മുംബൈ: ശിവസേനയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായിരിക്കെ തന്റെ രാഷ്ട്രീയ നിലപാട് ഇനിയെന്താകുമെന്ന് വ്യക്തമാക്കി ബോളിവുഡ് നടിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മതോണ്ഡ്‌കര്‍. എല്ലാ ഊഹാപോഹങ്ങളും തള്ളിയ അവര്‍ താനൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഊര്‍മിള, ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായ മിലിന്ദ് നര്‍വേകറുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് ലോക്സഭയിലേക്ക് മത്സരിച്ച ഊര്‍മിള പരാജയപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഈ മാസം പത്തിനാണ് അവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.

താനൊരു പാര്‍ട്ടിയിലും ചേരുന്നില്ലെന്ന് വ്യക്തമാക്കിയ ഊര്‍മിള, അത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്നോടും രാഷ്ട്രീയ കക്ഷികളോടും ചെയ്യുന്ന നീതികേടാണെന്ന് അവര്‍ പറഞ്ഞു.