നടന്‍ സത്താറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ താരങ്ങള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി സത്താറിന്റെ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സത്താറിനെ സിനിമയില്‍ വന്ന കാലം മുതല്‍ എനിക്ക് അറിയാവുന്ന ആളാണ്. അതിന് മുന്‍പ് ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തും അറിയാം. എന്നേക്കാളും മുന്‍പേ സിനിമയില്‍ വന്ന ആളാണ്.

വലിയ അടുത്ത സഹൃദം ഉണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. അസുഖമായിട്ട് കുറച്ച്‌ കാലമായി. പക്ഷേ അതൊന്നും കാണിക്കാതെ വളരെ സന്തുഷ്ടനായിട്ടാണ് കാണപ്പെട്ടിരുന്നത്. കുറച്ച്‌ ദിവസം മുന്‍പ് അസുഖം കൂടുകയും പിന്നീട് ആശുപത്രിയില്‍ ആവുകയും ചെയ്തു. സിനിമയില്‍ ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആളും ഒരു കാലഘട്ടത്തില്‍ വളരെയേറെ തിളങ്ങി നിന്ന ഒരു താരവുമാണ് അദ്ദേഹം.

വിയോഗം നഷ്ടമാണ്. എല്ലാ മരണങ്ങളും നഷ്ടമെന്നത് പോലെ ഇതും ഒരു വലിയ നഷ്ടം തന്നെയാണെന്നും മമ്മൂട്ടി പറയുന്നു. സത്താറിന്റെ ആലുവയിലുള്ള വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വികാരനിര്‍ഭരമായി മമ്മൂട്ടി സത്താറിനെ കുറിച്ചുള്ള ഓര്‍മ്മ പുതുക്കിയത്.

മൂന്നുമാസമായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആലുവയിലെ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ സംസ്‌കാരം നടക്കും.