നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകുന്നതിനെ സുപ്രീംകോടതിയിലും എതിർത്ത് സംസ്ഥാനസർക്കാർ. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ പ്രതിയ്ക്ക് കൈമാറരുതെന്ന് സംസ്ഥാനസർക്കാർ വാദിച്ചു. മെമ്മറി കാർഡ് കേസിലെ തൊണ്ടിമുതലാണോ രേഖയാണോ എന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നതാണ്. കേസിലെ തൊണ്ടിമുതലാണ് മെമ്മറി കാർഡ്, അതിലെ ദൃശ്യങ്ങൾ രേഖകളാണെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെങ്കിൽ അത് തനിയ്ക്ക് കിട്ടാൻ അവകാശമുണ്ടെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്താണ് തനിക്ക് എതിരായ രേഖ എന്നതറിയാതെ എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകും എന്ന് കോടതി ചോദിച്ചു. എന്നാൽ മെമ്മറി കാർഡ് നൽകുന്നതിനെ എതിർക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൽ അത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാമെന്നും സർക്കാർ വാദിച്ചു. ഇത് ഇരയുടെ സുരക്ഷിതത്വത്തെയും സ്വകാര്യതയെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും സർക്കാർ വാദിച്ചു.

കോടതിയിൽ നടിയും മെമ്മറി കാർഡ് കൈമാറുന്നതിനെ ശക്തമായി എതിർത്തു. മെമ്മറി കാർഡ് നൽകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ദൃശ്യങ്ങൾ പ്രതിയ്ക്ക് കൈമാറാതെ, രേഖകൾ പരിശോധിക്കാനുള്ള നടപടിക്രമങ്ങൾ വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. അത് തന്‍റെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കുന്നതുമാകരുതെന്നും നടി ആവശ്യപ്പെട്ടു.

ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പ്രതിയായ ദിലീപിന് നൽകരുതെന്നാവശ്യപ്പെട്ട് നടി മിനിഞ്ഞാന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അത് തന്‍റെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതാണെന്ന് നടി ഹർജിയിൽ പറയുന്നു. അവസരം നൽകുകയാണെങ്കിൽ അതെങ്ങനെയാണ് തന്നെ ബാധിക്കുകയെന്നത് കാര്യകാരണസഹിതം കോടതിയെ അറിയിക്കാൻ തയ്യാറാണെന്നും നടി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം ഒരു മുദ്ര വച്ച കവറിൽ കോടതിയിൽ നടി ചില രേഖകളും ഹാജരാക്കിയെന്നാണ് സൂചന. ജഡ്ജിമാരുടെ പരിഗണനയ്ക്ക് വേണ്ടി മാത്രമായാണ് ഈ രേഖകൾ സമർപ്പിച്ചത്.

ന്യായമായ വിചാരണ നടക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്നും നടി ഹർജിയിൽ പറയുന്നു. തന്‍റെ സ്വകാര്യത ഹനിക്കപ്പെടാതെ, അതേസമയം, പ്രതിയ്ക്ക് ന്യായമായ അവകാശങ്ങൾ സ്ഥാപിച്ച് കിട്ടുന്ന തരത്തിൽ ഒരു നടപടിക്രമം രൂപീകരിക്കാൻ ഇടപെടണമെന്നാണ് സുപ്രീംകോടതിയോടുള്ള നടിയുടെ അപേക്ഷയിൽ പറയുന്നത്.