മധുവിധു ആഘോഷത്തിനായി ഹിമാചല്‍പ്രദേശിലെ കുളുവിലെത്തിയ നവവരന്‍ ബോട്ടിനടിയിൽ അകപ്പെട്ട് മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. കാര്യവട്ടം നീരാഞ്ജനത്തില്‍ കുമാറിന്‍റേയും സതികുമാരിയുടേയും മകനായ കെ എസ് രഞ്ജിത്തിനാണ് കുളുവില്‍ ദാരുണാന്ത്യം.

റാഫ്റ്റില്‍ സാഹസിക തുഴച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് പാറക്കല്ലില്‍ തട്ടി മറിയുകയായിരുന്നു. ഭാര്യ ശ്രീദേവിയെയും ബോട്ടിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും മറ്റുള്ളവർ രക്ഷപ്പെടുത്തി. എന്നാല്‍ രഞ്ജിത്ത് ബോട്ടിനടിയില്‍ പെട്ട് പോയതാണ് രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളിയായത്.

അപകടത്തില്‍ രഞ്ജിത്തിന്‍റെ ഭാര്യ ഒപ്പമുണ്ടായിരുന്ന ഏഴംഗ സുഹൃദ് സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബോട്ടിംഗ് നടത്തിപ്പുകാരനും ബോട്ട് ഉടമയ്ക്കുമെതിരെ കേസെടുത്തതായി കുളു എസ്പി ഗൗരവ് സിങ് വ്യക്തമാക്കി.