അമേരിക്കയിലെ ജനറൽ മോട്ടോഴ്സിലെ മുപ്പത്തിഒന്ന് ഫാക്ടറികളിലെയും ഇരുപത്തിഒന്ന് സ്ഥാപനങ്ങളിലേയും അന്പതിനായിരത്തോളം ജീവനക്കാർ 15 മുതൽ അനിശ്ചിതകാല പണി മുടക്ക് ആരംഭിക്കുന്നു. ജനറൽ മോട്ടേഴ്സിലെ തൊഴിലാളി സംഘടനയായ യുണൈറ്റഡ് ഓട്ടോ വർക്കേഴ്സാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.
2007നു ശേഷം അമേരിക്കയിൽ നടക്കുന്ന ഓട്ടോ ജീവനക്കാരുടെ ഏറ്റവും വലിയ സമരമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. യൂണിയൻ നേതാക്കൾ ഡിട്രോയ്റ്റിൽ യോഗം ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.
2018ൽ ജനറൽ മോട്ടേഴ്സുമായുണ്ടാക്കിയ യൂണിയന്റെ കരാർ ഞായറാഴ്ച അവസാനിക്കുകയാണ്. കരാർ പുതുക്കണമെങ്കിൽ ജീവനക്കാർക്ക് മെച്ചപ്പെട്ട ശന്പള വർധനവും തൊഴിൽ സുരക്ഷിതത്വവും ഇൻഷുറൻസ് പദ്ധതിയും ഉറപ്പാക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നതെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് ടെറി ഡിറ്റിസ് പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 35 ബില്യൻ ഡോളറിന്റെ റിക്കാർഡ് ലാഭം ഉണ്ടാക്കിയിട്ടും ജീവനക്കാർക്ക് മതിയായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും ടെറി കുറ്റപ്പെടുത്തി.
സമരം ഒത്തുതീർപ്പാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുമെന്ന് മനേജ്മെന്റും യൂണിയനും ഉറപ്പു നൽകിയിട്ടുണ്ട്.