സിസ്റ്റർ ലൂസി കളപ്പുരയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് ഒരുമാസം തികയാറായിട്ടും നടപടിയെടുക്കാതെ അന്വേഷണസംഘം. ശക്തമായ തെളിവുകളുണ്ടായിട്ടും പ്രതിയും മാനന്തവാടി രൂപതാ വക്താവുമായ ഫാ. നോബിള്‍ തോമസ് പാറക്കലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. വയനാട് വെള്ളമുണ്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റ് 19നാണ് സിസ്റ്റർ ലൂസി കളപ്പുരയെ കാണാന്‍ മഠത്തില്‍ എത്തിയ  മാധ്യമപ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോ​ഗിച്ച് ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ സിസ്റ്ററെ അപകീർത്തിപ്പെടുത്തുംവിധം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചത്. ഇതിനെതിരെ പിറ്റേന്നുതന്നെ സിസ്റ്റർ ലൂസി കളപ്പുര ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഫാ. നോബിളിനെയും ദൃശ്യങ്ങള്‍ കൈമാറിയ മഠത്തിലെ മറ്റ് സിസ്റ്റർമാർക്കെതിരെയും പൊലീസ് അന്നുതന്നെ കേസെടുത്തു. പക്ഷേ ആഴ്ചകൾ പിന്നിട്ടിട്ടും ഒന്നാം പ്രതിയായ ഫാ. നോബിളിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെ തയാറായിട്ടില്ല. കേസന്വേഷണം പുരോഗമിക്കുകയാണെന്ന പതിവ് വിശദീകരണമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളമുണ്ട സിഐ നല്‍കുന്നത്.

ഇതിനോടകം നാല് തവണ സിസ്റ്ററുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി കഴിഞ്ഞു. കേസ് ദുർബലപ്പെടുത്താനാണ് പൊലീസിന്‍റെ ശ്രമമെന്നും പൊലീസില്‍നിന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിനെതുടർന്നാണ് സിസ്റ്റർ ലൂസി കളപ്പുരയെ എഫ്സിസി സന്യാസസഭ പുറത്താക്കിയത്. ഇതിനെതിരെ സിസ്റ്റർ നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസഭയുടെ പരിഗണനയിലാണ്.

അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഫാ. നോബിളിനെയും കേസിലെ മറ്റ് പ്രതികളായ മഠത്തിലെ ആറ് കന്യാസ്ത്രീകളെയും ചോദ്യം ചെയ്തുകഴിഞ്ഞു. എന്നാല്‍, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും സിസ്റ്റർ ലൂസിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ഒരുങ്ങുകയാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളമുണ്ട സിഐയുടെ വിശദീകരണം. ഇത് പൂർത്തിയായാലേ അറസ്റ്റിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും സിഐ പ്രതികരിച്ചു.

അതേസമയം, പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് പരാതിക്കാരിയായ സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. പരാതി കൊടുത്തതിന് ശേഷം മഠത്തിൽ മൂന്ന് ക്യാമറകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. കേസിൽ നടപടി എടുക്കാത്തതിനാലാണ് ഇത്രയും ദാർഷ്ട്യത്തോടെ മഠത്തിലുള്ളവർ പൊരുമാറുന്നത്. മുൻ വശത്തെ വാതിൽ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫാ. നോബിൾ പറഞ്ഞ പിൻവാതിലിലൂടെ തന്നെ വരണം. നീതി നേടിയെടുക്കുമെന്നും ഇത്തരത്തിലുള്ള തെറ്റുകൾ ഇനി ആവർത്തിക്കപ്പെടരുതെന്നും സിസ്റ്റർ ലൂസി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം 20-നാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കവലിനെതിരെ വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിലടക്കം ഫാ. നോബിൾ അപവാദ പ്രചരണം നടത്തിയത്. തുടർന്ന് തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് സിസ്റ്റർ ലൂസി നേരിട്ട് പരാതി നല്‍കി. മഠത്തില്‍ തന്നെ കാണാന്‍ എത്തിയ മാധ്യമപ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അപവാദ പ്രചാരണം നടത്തിയതെന്ന് സിസ്റ്റർ പരാതിയിൽ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുക, മാനഹാനി വരുത്തുംവിധം അപവാദ പ്രചരണം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.