ന്യൂഡല്‍ഹി: മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ഋഷഭ് പന്തിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തില്‍ താരത്തിന് മുന്നറിയിപ്പ് നല്കുന്നതിനിടെയാണ് ഗംഭീര്‍ സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചത്.

‘ധോണിയുടെ പിന്‍ഗാമിയായി ഞാന്‍ കാണുന്നത് പന്തിനെയല്ല. അതിന് യോജിച്ച താരം സഞ്ജു സാംസണാണ്. പന്തിന് തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ സഞ്ജു ടീമിലെത്താന്‍ സാധ്യതയേറെയാണ്. വ്യക്തിപരമായി സഞ്ജുവാണ് എന്റെ ഫേവറൈറ്റ്. പന്ത് മികച്ചതാരമാണെന്നതില്‍ സംശയമൊന്നുമില്ല. മാച്ച്‌ വിന്നറാവാന്‍ കെല്‍പ്പുള്ള താരം. എന്നാല്‍ ഇതിനായി താരം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യ എയ്‌ക്കെതിരായ മികച്ച പ്രകടനത്തിലൂടെ കനത്ത വെല്ലുവിളിയാണ് സഞ്ജു ഉയര്‍ത്തിയിരിക്കുന്നത്.’ ഗംഭീര്‍ പറഞ്ഞു.