ഇസ്ലാമബാദ്: 2022ല്‍ ശൂന്യാകാശത്തേക്ക് തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികനെ ശൂന്യാകാശത്തേക്ക് അയക്കുമെന്ന വാദവുമായി പാകിസ്ഥാന്‍ രംഗത്ത്. തങ്ങളുടെ പ്രധാന സഖ്യരാജ്യമായ ചൈനയുമായി ചേര്‍ന്നാണ് പാകിസ്ഥാന്‍ ഇതിനുള്ള പദ്ധതി തയാറാക്കുന്നത്. ദൗത്യത്തിനായുള്ള ബഹിരാകാശ യാത്രികരെ 2020ടെ തീരുമാനിക്കുമെന്നും പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് ഫെഡറല്‍ മന്ത്രി ചൗദ്രി ഫവാന്‍ ഹുസൈന്‍ പറഞ്ഞു. ആദ്യം അന്‍പത് പേരെയാകും ദൗത്യത്തിനായി തിരഞ്ഞെടുക്കുകയെന്നും ഇതില്‍ നിന്നും ഏറ്റവും കഴിവുള്ള 25 പേരെ വേര്‍തിരിക്കുമെന്നും അതില്‍ നിന്നും ഒരാളെയാകും ഒടുവില്‍ ബഹിരാകാശത്തേക്ക് അയക്കുകയെന്നും ഫവാന്‍ ഹുസൈന്‍ പറഞ്ഞു.

പാകിസ്ഥാനി വ്യോമസേനയാകും ഈ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുകയെന്നും ഹുസൈന്‍ അറിയിച്ചു. ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സഹകരണം പ്രദേശത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്ക് ശേഷം,1963ല്‍, ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത് പാകിസ്ഥാന്‍ ആയിരുന്നുവെന്നും ഹുസൈന്‍ അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം തങ്ങള്‍ ആഭ്യന്തരമായി വികസിപ്പിച്ച രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ഇതിനുവേണ്ടിയുള്ള റോക്കറ്റുകള്‍ ചൈനയാണ് പാകിസ്ഥാന് നല്‍കിയത്.