തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം നടത്തി വന്ന സമരം പിന്‍വലിച്ചു.
പിഎസ്‍സി പരീക്ഷകള്‍ മലയാളത്തിലാക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെയും പിഎസ്‍സിയുടെയും നിലപാട് സ്വാഗതം ചെയുന്നതായി സമരസമിതി അറിയിച്ചു.
മുഖ്യമന്ത്രിയും പിഎസ്‍സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലാണ് പിഎസ്‍സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരമായത്.
കെഎഎസ് അടക്കമുളള പിഎസ്‌സി നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കുവാനാണ് ധാരണയായിരിക്കുന്നത്. മലയാളത്തില്‍ പരീക്ഷ നടത്തുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കി നല്‍കാന്‍ സര്‍വകലാശാല അധ്യാപകരെ ചുമതലപ്പെടുത്തും. എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരെ ഉള്‍പ്പടുത്തി യോഗം വിളിക്കാനും തീരുമാനമായി. പിഎസ്‍സിയുടെ മലയാള വിരോധത്തിനെതിരെ കഴിഞ്ഞമാസം 29 മുതലാണ് ഐക്യമലയാളപ്രസ്ഥാനം സമരം തുടങ്ങിയത്.
സമരത്തിന് പിന്തുണയര്‍പ്പിച്ച രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ നിരവധി പേര്‍ രംഗത്തെത്തി. തിരുവോണത്തിന് സാംസ്കാരിക നായകര്‍ കേരളമാകെ ഉപവസിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടത്.