മരടിലെ 5 ഫ്ലാറ്റുകള്‍ പൊളിച്ചാല്‍ തീരുന്നതല്ല കേരളത്തില്‍ നിയമം ലംഘിച്ചു പണിത ഫ്ലാറ്റുകളുടെ എണ്ണം എന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. എറണാകുളം ഗോശ്രീ പാലത്തിനു അടുത്തുള്ള ടാറ്റയുടെ ‘ത്രിത്വം’ എന്ന ഫ്ളാറ്റ് സമുച്ചയത്തിനു പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിന് മുന്‍പാണ് കെട്ടിടം നിര്‍മ്മിച്ചത് എന്നും ഈ ഫ്ലാറ്റ് പൊളിക്കാന്‍ അധികാരികള്‍ തയ്യാറാകുമോ എന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
ടാറ്റയുടെ ത്രിത്വവും പൊളിക്കുമോ?
മരടിലെ 5 ഫ്ലാറ്റുകള്‍ പൊളിക്കാനാണ് കോടതിവിധി. എന്നാല്‍ അതുകൊണ്ട് തീരുന്നില്ല നിയമം ലംഘിച്ചു പണിത ഫ്ലാറ്റുകളുടെ എണ്ണം.
എറണാകുളം ഗോശ്രീ പാലത്തിനു അടുത്തുള്ള ടാറ്റയുടെ ‘ത്രിത്വം’ എന്ന ഫ്ളാറ്റ് സമുച്ചയത്തിനു പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിന് മുന്‍പാണ് കെട്ടിടം നിര്‍മ്മിച്ചത്. 2015 ല്‍ പാരിസ്ഥിതികാനുമതി നല്കിയപ്പോള് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമായ 2 നിബന്ധനകളോടെയാണ് Environment Clearance നല്‍കിയത്.
കായലില്‍ നിന്ന് 150 മീറ്റര്‍ വിട്ടിട്ടേ ഏതൊരു നിര്‍മ്മാണവും നടത്താവൂ.
60 മീറ്റര്‍ ഉയരം മാത്രമേ പാടുള്ളൂ.
ത്രിത്വത്തിന്റെ മുന്‍പിലൂടെ പോകുന്ന ആര്‍ക്കും ഒരുകാര്യം വ്യക്തമാകും. കായലില്‍ നിന്ന് 50 മീറ്റര്‍ പോലും വിട്ടിട്ടല്ല നിര്‍മ്മാണം നടത്തിയത്. 150 മീറ്ററില്‍ നിര്‍മ്മാണം പാടില്ലെങ്കില്‍ ആ നിബന്ധന ലംഘിച്ചു പണിത 3 ടവര്‍ എങ്കിലും ത്രിത്വത്തില്‍ ഉണ്ട്.
ഉയരമോ? 60 മീറ്ററിലും എത്രയോ കൂടുതല്‍. 2010 നും 2015 നും ഇടയില്‍ കൊച്ചി കോര്പ്പറേഷന് ഭരിച്ചവരും ജില്ലാ കളക്ടര്‍മാരും ടൌണ്പ്ലാനര്മാരും ഈ നിയമലംഘനം കണ്ടില്ലെന്നു നടിച്ചു ഇതിന് കൂട്ടുനിന്നു.
നാളെ കോടതി പറഞ്ഞാല്‍ ഇതും പൊളിക്കേണ്ടി വരില്ലേ? ഇന്ന് എല്ലാ പത്രത്തിലും ഫുള്‍ പേജ് പരസ്യമുണ്ട് ത്രിത്വത്തിന്റെ. വാങ്ങുന്നവരെ ഇതൊക്കെ ബോധ്യപ്പെടുത്തി വേണ്ടേ ഫ്ലാറ്റ് വില്ക്കാന്?? പാരിസ്ഥിതികാനുമതി ഒക്കെ വായിച്ചു നോക്കിയിട്ട് ഫ്ലാറ്റ് വാങ്ങിക്കാന്‍ മലയാളി ഇനിയെങ്കിലും പഠിക്കുമോ?
അഡ്വ.ഹരീഷ് വാസുദേവന്‍.