ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ രാജില്‍ ഗംഗയുടെ തീരങ്ങളില്‍ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ മധ്യപ്രദേശ് , രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഇരു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തി. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട സഹായം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയേയും സൈന്യത്തെയും ഈ സംസ്ഥാനങ്ങളില്‍ വിന്യസിച്ചിടുണ്ട്.

അതേസമയം, പല ദുരിതാശ്വാസ ക്യാമ്ബുകളിലും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങലിലും കനത്ത മഴ തുടരുകയാണ്.