ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ സഞ്ചാരികളുടെ ബോട്ട് മുങ്ങി കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും. ഇതു വരെ 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 25 പേരെ രക്ഷപ്പെടുത്തി. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ദേവിപട്ടണത്താണ് വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങിയത്.

ജീവനക്കാരുള്‍പ്പെടെ 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. നേവി, ദേശീയ ദുരന്ത നിവാരണ സേന, അഗ്നി ശമന സേന, പൊലിസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ തുടരുക. ഇന്ന് ഉത്തരാഖണ്ഡില്‍ നിന്ന് സ്കാനിങ് ഉപകരണങ്ങളും ഹെലികോപ്റ്ററും എത്തും. രണ്ട് നിലകളിലായുള്ള ബോട്ടിലെ മുകളിലത്തെ നിലയിലുള്ളവരാണ് രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും.

വിനോദ സഞ്ചാര വകുപ്പിനു വേണ്ടി സര്‍വീസ് നടത്തിയിരുന്ന റോയല്‍ വസിഷ്ഠ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു. ഗോദാവരി നദിയിലൂടെയുള്ള മുഴുവന്‍ ബോട്ട് സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച്‌ അന്വേഷിയ്ക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചു.