കൊച്ചി: പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നും ഒഴിയണമെന്ന് കാട്ടി താമസക്കാര്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസ് കാലാവധി ഇന്നലെ അവസാനിച്ചു. താമസക്കാര്‍ ആരും ഫ്‌ളാറ്റ് ഒഴിഞ്ഞില്ല.നഗരസഭയുടെ നോട്ടിസിനെതിരെ ഫ്‌ളാറ്റുടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കും.ഹോളിഫെയ്ത് എച്ച്‌ ടു ഒ, കായലോരം, ആല്‍ഫ് വെഞ്ചേഴ്‌സ്,ജെയിന്‍ കോറല്‍ എന്നിങ്ങനെ നാലു ഫ്‌ളാറ്റുകളിലുമായി 350 ലധികം കുടുംബങ്ങളാണ് താമസമുള്ളത്.

സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ഈ മാസം 10 നാണ് മരട് നഗരസഭ ഉടമകള്‍ക്കും താമസക്കാര്‍ക്കും നോട്ടീസ് നല്‍കിയത്. കായലോരം ഫ്‌ളാറ്റിലെ ഏതാനും താമസക്കാരല്ലാതെ മറ്റു മൂന്നു ഫ്ളാറ്റുകളിലെയും ഉടമകള്‍ നോട്ടീസ് കൈപ്പറ്റിയില്ല.തുടര്‍ന്ന് ഫ്‌ളാറ്റിലും മതിലിലുമായി നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നോട്ടീസ് പതിപിച്ചു. എന്നാല്‍ എന്തു വന്നാലും തങ്ങള്‍ ഫ്‌ളാറ്റ് ഒഴിയില്ലെന്നും തങ്ങളുടെ ഉള്ള സമ്ബാദ്യം മുഴുവന്‍ വിറ്റ് വാങ്ങിയ ഫ്ളാറ്റ് വിട്ടിട്ട് എവിടെ പോകാനാണെന്നും ഇവര്‍ ചോദിക്കുന്നു.സമരവുമായി തങ്ങള്‍ മുന്നോട്ടു പോകും.ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാക്കുകേട്ടോ നിര്‍മാതാക്കളുടെ രേഖകള്‍ കണ്ടിട്ടല്ല. മറിച്ച്‌ സര്‍ക്കാരിന്റെ രേഖള്‍ കണ്ടിട്ടാണ് ഫ്ളാറ്റ് വാങ്ങിയതെന്നാണ് ഉടമകള്‍ പറയുന്നത്.ബാങ്കില്‍ നിന്നും വായ്പ അടക്കം എടുത്ത് ഫ്ളാറ്റ് വാങ്ങിയവരുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഫ്ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്വമില്ലെന്ന് കാട്ടി രണ്ടു ഫ്ളാറ്റ് നിര്‍മാതാക്കള്‍ നഗരസഭയക്ക് കത്തു നല്‍കിയിട്ടുണ്ട്. നേരത്തെ ഫ്ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയതിനൊപ്പം നിര്‍മാതാക്കളും നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് നിര്‍മാതാക്കള്‍ കത്തു നല്‍കിയത്.പദ്ധതിയുമായി തങ്ങള്‍ക്ക് നിലവില്‍ ബന്ധമില്ല. ഉടകമളാണ് നികുതി അടയക്കുന്നതെന്നും നോട്ടീസില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.എന്തു വന്നാലും ഫ്‌ളാറ്റ് ഒഴിയില്ലെന്ന് വ്യക്തമാക്കി ഫ്‌ളാറ്റുടമകളും താമസക്കാരും റിലേ സത്യാഗ്രം തുടരുകയാണ്.വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ തിരുവനന്തപുരത്താണ് യോഗം.യോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും ഫ്‌ളാറ്റുടമകള്‍ പറയുന്നു.