ചെന്നൈ: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപരന്ത്യം ജയിലില്‍ക്കഴിയുന്ന നളിനി ശ്രീഹരന്റെ പരോള്‍കാലാവധി അവസാനിച്ചു. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടിത്തരാനുള്ള നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി നിഷേധിച്ചതോടെയാണ് 51 ദിവസത്തെ പരോള്‍ കഴിഞ്ഞ് നളിനി ജയിലില്‍ തിരികെ എത്തിയത്.

പരോള്‍ ഒക്ടോബര്‍ 15 ന് വരെ നീട്ടിത്തരാന്‍ ആയിരുന്നു നളിനിയുടെ ഹര്‍ജി. എന്നാല്‍ ഇവര്‍ക്ക് ഇപ്പോള്‍തന്നെ അനുവദിച്ചതിലും മൂന്ന് ആഴ്ച അധികം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. ജസ്റ്റിസ് സുന്ദ്രേഷ്, ജസ്റ്റിസ് ആര്‍.എം.ടി ടീക്കാരമണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നളിനിയുടെ ഹര്‍ജി തള്ളിയത്. കഴിഞ്ഞ ജൂലൈ 25 നാണ് നളിനിയ്ക്ക് പരോള്‍ അനുവദിച്ചത്.അതിനുശേഷം ഓഗസ്ററില്‍ മകളുടെ വിവാഹഒരുക്കത്തിനായി പരോള്‍ നീട്ടി നല്‍കിയിരുന്നു.

തമിഴ്നാട്ടിലെ വെല്ലൂര്‍ സതുവച്ചരിയിലാണ് പരോള്‍ കാലയളവില്‍ ഇവര്‍ താമസിച്ചത്. പരോള്‍ കാലയളവിനിടയില്‍ മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കരുതെന്നും രാഷ്ട്ട്രീയ പാര്‍ട്ടികളെ കാണരുതെന്നും കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. നളിനിയെ കൂടാതെ കൂട്ടുപ്രതികളായ മറ്റു ആറുപേരും ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ചു വരികയാണ്.