ന്യൂയോര്‍ക്ക്: അടുത്തിടെ മരിച്ച ഡോക്ടറുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ അന്വേഷണ സംഘം ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 2246 ഭ്രൂണ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. ഇല്ലിനോസിലെ വില്‍കൗണ്ടിലുള്ള ഡോ. അള്‍റിക് ക്ലോഫറുടെ വീട്ടില്‍ നിന്നാണ് ഭ്രൂണ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഇന്‍ഡ്യാനയില്‍ അബോര്‍ഷന്‍ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. അള്‍റിക് ക്ലോഫര്‍ സെപ്റ്റംബര്‍ 3 നാണ് മരിച്ചത്.ഡോക്ടറുടെ മരണശേഷം വില്‍കൗണ്ടിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ കുടുംബാംഗങ്ങളും അഭിഭാഷകനും സ്വകാര്യ വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് ഭ്രൂണ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അവശിഷ്ടങ്ങള്‍ കണ്ടുകെട്ടിയ പൊലീസ്, അന്വേഷണം ആരംഭിച്ചു. ഇന്ത്യാനയിലെ മൂന്ന് അബോര്‍ഷന്‍ ക്ലിനിക്കുകളിലായി ഡോ. ക്ലോഫര്‍ പതിറ്റാണ്ടുകളോളം ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നു. 2015 ല്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ക്ലിനിക്കിന്റെ ലൈസന്‍സ് റദ്ദാക്കിയതോടെയാണ്, ക്ലിനിക്ക് പൂട്ടിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയും, അബോര്‍ഷന് എത്തിയവരുടെ രേഖകള്‍ സൂക്ഷിക്കാതെയുമാണ് ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതെന്ന് പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ക്ലിനിക്കിനെതിരെ നടപടിയെടുത്തത്.