അമരാവതി: ആന്ധ്രാപ്രദേശിലെ ദേവിപട്ടണത്ത് ഗോദാവരി നദിയില്‍ വിനോദസ​ഞ്ചാര ബോട്ട് മുങ്ങി 12 പേര്‍ മരിച്ചു. 40 പേരെ കാണാതായി. 25 പേരെ രക്ഷപ്പെടുത്തി. 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പാപികൊണ്ടലു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുമായി പോയ ആന്ധ്രാപ്രദേശ് ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍റെ ബോട്ടാണ് അപകടത്തില്‍പെട്ടത്. 11 ജീവനക്കാര്‍ ഉള്‍പ്പെടെ 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല.

സംസ്ഥാന സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും നാവികസേനയുടെയും സഹായം തേടിയിട്ടുണ്ട്. അപകടത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടിട്ടുണ്ട്. ഗോദാവരി നദിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബോട്ടുകളുടെയും ലൈസന്‍സ് റദ്ദാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ട ബോട്ടിന് ലൈസന്‍സ് ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.