കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച്‌ എന്‍സിപിയില്‍ കൂട്ടരാജി. 42 പേരാണ് രാജിവെച്ചത്. പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതയാണെന്ന് ആരോപിച്ചായിരുന്നു രാജി.

ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പളളിയുടെ നേതൃത്വത്തിലാണ് രാജി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എന്‍സിപിയിലെ കൂട്ടരാജി പ്രചാരണപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേതാക്കള്‍.

കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയമസഭ മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23നാണ്. 27നാണ് വോട്ടെണ്ണല്‍.

പാലായില്‍ വീണ്ടും മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഘട്ടം ഘട്ടമായി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നത് മാണി സി കാപ്പന് അനുകൂല ഘടകമാകുകയായിരുന്നു. കഴിഞ്ഞ തവണ നാലായിരം ആയിരുന്നു കെ എം മാണിയുടെ ഭൂരിപക്ഷം. തുടര്‍ന്ന് എന്‍സിപിക്കായി മാറ്റിവെച്ച സീറ്റില്‍ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചുകൊണ്ടുളള എന്‍സിപി നിര്‍ദേശം എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു.