കോട്ടയം: കോട്ടയത്ത് തുരുത്തിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. എംസി റോഡില്‍ തുരുത്തി മിഷന്‍ പള്ളിക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെ 1.15 നാണ് അപകടമുണ്ടായത്. അപകടത്തില്‍ കുറിച്ചി തെങ്ങനാടിയില്‍ അശോകന്റെ മകന്‍ ആദിനാഥ്(23) ആണ് മരിച്ചത്. ആദിയുടെ അമ്മ പ്രമീള(40)യെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചങ്ങനാശേരി ഭാഗത്തു നിന്ന് കോട്ടയത്തേക്ക് പോയ ടാങ്കര്‍ ലോറിയെ മറി കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയുടെ നിയന്ത്രണം നഷ്ടമായി, റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന മറ്റു മൂന്ന് വാഹനങ്ങളേയും ഇടിച്ചു തെറിപ്പിച്ചു.

ടാങ്കര്‍ ലോറിക്കും വാനുകള്‍ക്കും ഇടയില്‍പ്പെട്ട് കാര്‍ നിശേഷം തകര്‍ന്നു. പോലീസും അഗ്നി സുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ആദിയേയും പ്രമീളയെയും പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആദിയെ രക്ഷിക്കാനായില്ല. കാറില്‍ ഉണ്ടായിരുന്നവര്‍ തകഴിയിലെഒരു മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു.