തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നു. സംസ്ഥാന ഐ.ടി മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്(കെ-ഫോണ്‍) എന്ന പേരില്‍ ആറുമാസത്തിനകം പദ്ധതി നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തില്‍ ഇ-ഗവേണന്‍സില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിപില്‍ കുടുംബങ്ങള്‍ക്ക് സൌജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കും. കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇതിലേക്ക് മാറും. വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് അതിനൊപ്പം ഇന്‍റര്‍നെറ്റ് കണക്ഷന്‍ കൂടി നല്‍കും. ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനും കെ.എസ്.ഇ.ബി ജീവനക്കാരെ തന്നെ നിയോഗിക്കും. പുതിയ വൈദ്യുതികണക്‌ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഇന്റര്‍നെറ്റു കൂടി ലഭ്യമാക്കും.

കേരളത്തിലെ മുഴുവന്‍ 220 കെ.വി സബ് സ്റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിച്ചു കഴിഞ്ഞു. 110 കെ.വി, 66 കെ.വി സബ് സ്റ്റേഷനുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതോടെ കെ.എസ്.ഇ.ബിയുടെ സാമ്ബത്തിക ബാധ്യത വലിയൊരു അളവ് കുറയ്ക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.