പത്തനംതിട്ട: പമ്ബാനദിയില്‍ നിറച്ചാര്‍ത്തൊരുക്കി പാരമ്ബര്യത്തനിമയില്‍ ഉത്രട്ടാതി വള്ളംകളി ഇന്ന് ആറന്‍മുളയില്‍ നടക്കും. 52 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന എ, ബി ബാച്ച് പള്ളിയോടങ്ങള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. എ ബാച്ച് പള്ളിയോടങ്ങളില്‍ ഏറ്റവും നല്ല ചമയത്തിന് എസ്.എന്‍.ഡി.പി യോഗം ഏര്‍പ്പെടുത്തിയ ആര്‍. ശങ്കര്‍ ട്രോഫി സമ്മാനിക്കും. ബി ബാച്ചിലെ മികച്ച ചമയത്തിന് ആറന്‍മുള പൊന്നമ്മ സ്മാരക ട്രോഫിയും നല്‍കും.
ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. നാടന്‍ കലകളുടെ അവതരണവും ഉണ്ടാകും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി അദ്ധ്യക്ഷത വഹിക്കും. രാമപുരത്ത് വാര്യര്‍ അവാര്‍ഡ് എസ്. രമേശന്‍ നായര്‍ക്ക് വനം വകുപ്പ് മന്ത്രി കെ. രാജു സമ്മാനിക്കും.
ജലോത്സവത്തോടനുബന്ധിച്ച് പമ്ബയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. കൂടാതെ മൂഴിയാര്‍, കക്കാട് വൈദ്യുത നിലയങ്ങളില്‍ ഉത്പാദനം പൂര്‍ണതോതില്‍ നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്.