കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസ് കാലാവധി ഞായറാഴ്ച അവസാനിക്കും. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാകും നഗരസഭ തുടര്‍നടപടികളിലേക്ക് കടക്കുക. പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപെടുമെന്നത് പ്രതീക്ഷയോടെയാണ് ഉടമകള്‍ കാണുന്നത്. സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശനിയാഴ്ചയും എത്തി.

ഒഴിഞ്ഞുപോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ച്‌ മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് നഗരസഭയുടെ നോട്ടീസിലുള്ളത്. സെപ്റ്റംബര്‍ 10-ന് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ശനിയാഴ്ച വരെയായിരുന്നു ഒഴിയാനുള്ള സമയപരിധി. എന്നാല്‍, നോട്ടീസ് വിതരണംചെയ്തത് പുറപ്പെടുവിച്ച തീയതി കഴിഞ്ഞതിനാലായതിനാലാണ് സമയപരിധി ഞായറാഴ്ച വരെയാക്കിയത്.

നഗരസഭയുടെ നോട്ടീസിന് കായലോരം ഫ്ളാറ്റ് ഉടമകള്‍ മാത്രമാണ് മറുപടി നല്‍കിയിരിക്കുന്നത്. നോട്ടീസ് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഒരു തരത്തിലും ഒഴിഞ്ഞുപോകില്ലെന്നുമാണ് മറുപടി. നോട്ടീസിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കാനാണ് ഫ്ളാറ്റ് ഉടമകളുടെ ശ്രമം.

ശനിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിതേടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഫ്ളാറ്റ് സമരത്തിന് പാര്‍ട്ടി പൂര്‍ണപിന്തുണ നല്‍കുമെന്ന് കോടിയേരി പറഞ്ഞു. എം.പി.മാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, എം. സ്വരാജ് എം.എല്‍.എ.. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ കെ.വി. തോമസ്, കെ. ബാബു, പി.സി. തോമസ് തുടങ്ങിയവരും ശനിയാഴ്ച സ്ഥലത്തെത്തി.