ഹൂസ്റ്റണ്‍: രാവിലെ നാലു മണിക്ക് ഈ അഞ്ചംഗ സംഘം ഹൂസ്റ്റണില്‍ നിന്നും പുറപ്പെടുമ്പോള്‍ അത്‌ലാന്റയിലേക്ക് പതിനാലു മണിക്കൂര്‍ ഡ്രൈവാണ് ഉണ്ടായിരുന്നത്. അവരെ സംബന്ധിച്ച് ഈ ദീര്‍ഘയാത്ര വലിയൊരു തീര്‍ത്ഥയാത്രയാണ്. പ്രിയ സ്‌നേഹിതന്‍, റെജി ചെറിയാന്റെ ആകസ്മിക മരണത്തില്‍ ഹൃദയം നൊന്ത് അദ്ദേഹത്തെ അവസാനമായി കാണാനുള്ള യാത്ര. അമേരിക്കന്‍ മലയാളിയുടെ മനസ്സില്‍ എക്കാലവും കുടിയേറി പാര്‍ത്ത സ്‌നേഹസ്വരൂപ വ്യക്തിത്വമായിരുന്നു റെജി. അദ്ദേഹത്തിന്റെ ആകസ്മിക മരണവാര്‍ത്തയില്‍ തളര്‍ന്നു പോയവരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയാണിത്. റെജിയെക്കുറിച്ചുള്ള ഓര്‍മ്മയില്‍ അറിയാതെ വിതുമ്പി പോവുകയാണ് യാത്രികരെല്ലാം. റെജി അവര്‍ക്ക് വെറുമൊരു പ്രവാസി സ്‌നേഹിതനല്ല, മറിച്ച് അദ്ദേഹമൊരു മനുഷ്യസ്‌നേഹിയായ സഹോദരനായിരുന്നു. ആ സ്‌നേഹത്തിന്റെ ആള്‍രൂപത്തെ അവസാനമായി കണ്ടു അശ്രുപൂജ നടത്തുവാനുള്ള യാത്രയില്‍ ആഴ്ചവട്ടം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ് കാക്കനാടന്‍, ഫോമയുടെ സതേണ്‍ റീജിയണല്‍ വൈസ്പ്രസിഡന്റ് തോമസ് ഒലിയാന്‍കുന്നേല്‍, ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ രാജന്‍ പത്തനാപുരം, ഫോമയുടെ മുന്‍ നാഷണല്‍ കമ്മിറ്റിയംഗം തോമസ് മാത്യു, ഫോമ മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഡോ. സാം ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.
റെജി ഒരു മനുഷ്യനാവുന്നത്, മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ കൊണ്ടാണെന്ന് ഡോ. ജോര്‍ജ് കാക്കനാടന്‍ അനുസ്മരിച്ചു. റെജിക്കു സ്‌നേഹിതര്‍ നൂറു കണക്കിനുണ്ട് അമേരിക്കയില്‍. അവരെല്ലാം ഇന്നു റെജിയെ ഒരു നോക്കു കാണാനായി അത്‌ലാന്റയില്‍ എത്തിച്ചേരും. അവരൊക്കെയും റെജിയുടെ സ്‌നേഹം ആവോളം അനുഭവിച്ചവരാണ്. പകരം വെക്കാനാവാത്ത ഒരു വ്യക്തിത്വമായിരുന്നു അത്. ഹൃദയവിശാലത കൊണ്ട്, കാരുണ്യപ്രവര്‍ത്തനം കൊണ്ട്, മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചതിലൂടെ, സംഘടനാപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മിക നിലനിര്‍ത്തിയതിലൂടെ റെജി എല്ലാ പ്രവാസി മലയാളികള്‍ക്കും ഒരു മാതൃകയായിരുന്നു. റെജിയെ കാണുമ്പോള്‍ തന്നെയൊരു ഉണര്‍വ്വായിരുന്നു. അത്രയ്ക്ക് മധുരോദാത്തമായിരുന്നു ആ ബന്ധം. അത് ഇനിയില്ല എന്നറിയുമ്പോള്‍ അറിയാതെ ഹൃദയം തേങ്ങിപ്പോവുന്നു. അദ്ദേഹത്തിനു വേണ്ടിയുള്ള ഈ യാത്രയില്‍ ഞങ്ങള്‍ തിരിച്ചറിയുന്നു, റെജി ഞങ്ങള്‍ക്കൊക്കെയും ആരായിരുന്നുവെന്ന്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇത്രയും വലിയൊരു യാത്രയ്ക്കു ഞങ്ങളിറങ്ങി തിരിച്ചതു തന്നെ ആ മനുഷ്യനെ ഒരു നോക്കു കാണുവാന്‍ വേണ്ടികൂടിയാണ്. റെജി, പ്രിയ സ്‌നേഹിത നിനക്ക് ആദരാഞ്ജലികള്‍- കാക്കനാടന്‍ അനുസ്മരിച്ചു.
ഫോമയുടെ നേതൃസ്ഥാനത്ത് ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു റെജിയെന്ന് തോമസ് ഒലിയാന്‍കുന്നേല്‍ (ഫോമയുടെ സതേണ്‍ റീജിണല്‍ വൈസ്പ്രസിഡന്റ്) ഓര്‍മ്മിച്ചു. റെജി ഒരു സാധാരണ നേതാവായിരുന്നില്ല. സംഘടനയെ വളര്‍ത്തുന്നതിനും അതിന്റെ പ്രയോജനം എല്ലാവരിലും എത്തിക്കുന്നതിനും ഓടിനടന്ന ഒരു പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം കഴിഞ്ഞ 18 വര്‍ഷത്തോളമായി നിരവധി സാമൂഹിക സാമുദായിക സംഘടനകളുടെ നേതൃത്വസ്ഥാനത്തുണ്ടായിരുന്നു. അമേരിക്കയില്‍ മാത്രമല്ല കേരളത്തില്‍ നിരവധി സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതു നന്ദിയോടെ ഓര്‍ക്കുന്നു. റെജിയുടെ മരണം ഫോമ ഉള്‍പ്പെടുന്ന സംഘടനകള്‍ക്കെല്ലാം തന്നെ വലിയൊരു തീരാ നഷ്ടമാണ്. നികത്താനാവാത്ത ഈ നഷ്ടത്തിനു മുന്നില്‍ ഹൃദയവേദനയോട തല കുനിച്ചു വ്യസനത്തോടെ നില്‍ക്കാനെ എനിക്കു കഴിയുന്നുള്ളു. എനിക്കു നഷ്ടപ്പെട്ടത് എന്റെ പ്രിയ സുഹൃത്തിനെയാണ്. പ്രിയ റെജി, ഓര്‍ക്കുന്നു നിന്നെ, ഹൃദയവേദനയോടെ അന്ത്യാഞ്‌ലികള്‍. നിത്യശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു- തോമസ് ഒലിയാന്‍കുന്നേല്‍ (ഫോമയുടെ സതേണ്‍ റീജിണല്‍ വൈസ്പ്രസിഡന്റ്)
തങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട വ്യക്തിയായിരുന്നു റെജിയെന്നു ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍, രാജന്‍ പത്തനാപുരം അനുസ്മരിച്ചു. സംഘടനയുടെ നെടുംതൂണായിരുന്നു റെജി. സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എതറ്റവും വരെ പോകാന്‍ ഹൃദയവിശാലത കാണിച്ച മനുഷ്യസ്‌നേഹി. ഹൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റ് ഉയര്‍ത്തിയ വെള്ളപ്പൊക്കവും പേമാരിയിലും അകപ്പെട്ടു പോയവര്‍ക്കു സഹായം ചെയ്യാനായി കിലോമീറ്റര്‍ താണ്ടിയാണ് അന്നു റെജി എത്തിയത്. ഇന്ന്, ഞങ്ങള്‍ റെജിയെ അവസാനമായി കാണാന്‍ അദ്ദേഹത്തിന്റെ നാടായ അത്‌ലാന്റയിലേക്കു പോകുന്നു. ഞങ്ങള്‍ മാത്രമല്ല അമേരിക്കയുടെ നാനാ ഭാഗത്തു നിന്നും നിരവധി പേര്‍ അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നുണ്ട്. അത്രയ്ക്ക് സ്‌നേഹസന്നമ്പനാണ് റെജി. ഈ വിയോഗം ഞങ്ങള്‍ക്ക് സൃഷ്ടിച്ചതു വലിയ നഷ്ടം തന്നെയാണ്. പകരം വെക്കാനില്ലാത്ത ഈ നഷ്ടത്തിനു മുന്നില്‍ ആദരപൂര്‍വ്വം നമിക്കുന്നു- രാജന്‍ പത്തനാപുരം (നാഷണല്‍ കമ്മിറ്റി മെമ്പര്‍)
തന്റെ സ്വന്തം നാട്ടുകാരന്‍ മാത്രമല്ല പ്രിയ സഹോദരനെ കൂടിയാണ് നഷ്ടപ്പെട്ടതെന്നു വിതുമ്പലുകളോടെ ഫോമയുടെ മുന്‍ നാഷണല്‍ കമ്മിറ്റിയംഗം തോമസ് മാത്യു പറഞ്ഞു. റെജി എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഏറെക്കാലമുണ്ടായിരുന്നു. ഇന്ന്, എന്റെ പ്രിയ സഹോദരനെ ഒരു നോക്കു കാണാനായി- ഹൃദയം പൊട്ടി ആദരാഞ്‌ലികള്‍ അര്‍പ്പിക്കാന്‍ പോകുന്നു. പെട്ടെന്നുള്ള മരണവാര്‍ത്തയില്‍ നിന്നും ഇതുവരെ മോചിതനായില്ല. കൂടുതല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ആദരാഞ്ജലികള്‍ സ്‌നേഹിത- തോമസ് മാത്യു (ഫോമയുടെ മുന്‍ നാഷണല്‍ കമ്മിറ്റിയംഗം)
അമേരിക്കന്‍ പ്രവാസി എന്ന നിലയ്ക്കു മാത്രമല്ല ഒരു മലയാളി എന്ന നിലയ്ക്കും നാടിനെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തിയ മനുഷ്യസ്‌നേഹിയായിരുന്നു റെജിയെന്ന് ഫോമ മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഡോ. സാം ജോസഫ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രവാസി എന്ന നിലയില്‍ നാടിനു വേണ്ടി അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍- അമ്മ, ഫോമ എന്നീ സംഘടനകളില്‍ ഏറെക്കാലം അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു റെജി. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഫണ്ട് റേസിങ്ങിലൂടെ സമാഹരിച്ച പണം അദ്ദേഹം 2008 മുതല്‍ കേരളത്തില്‍ പല കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 2020-ലെ തെരഞ്ഞെടുപ്പില്‍ ഫോമ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന വ്യക്തിയായിരുന്നു. റെജിയുടെ ആകസ്മിക മരണം ഫോമയുടെ മലയാളി സംഘടനകളെ എല്ലാം ഞെട്ടിച്ചു കളഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഹൃദയം നുറങ്ങുന്നുണ്ട്, ആ ദുഃഖത്തോടെ കുടുംബാംഗങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നു- ഡോ. സാം ജോസഫ് (ഫോമ മീഡിയ കമ്മിറ്റി കണ്‍വീനര്‍)
ഈ അഞ്ചംഗ സംഘം യാത്ര തുടങ്ങിയിട്ടേയുള്ളു. ഇന്നു വൈകിട്ടോടെയെ അവര്‍ അത്‌ലാന്റയില്‍ എത്തുകയുള്ളു. ഹൂസ്റ്റണിലെ വെള്ളപ്പൊക്ക കെടുതി ഉണ്ടായപ്പോള്‍ അമേരിക്കയിലെ വേറൊരു ഭാഗത്തു നിന്നും ഓടിയെത്തി തങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചയാളെ ഒരു നോക്കു കാണാനുള്ള റോഡ് യാത്രയാണിത്. അമേരിക്കയിലെ എല്ലാ മലയാളികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ച റെജിയെ അവസാനമായി കാണാന്‍ വേണ്ടിയുള്ള സുഹൃത്തുക്കളുടെ ഈ യാത്ര റെജിക്കു നന്ദി പറയാനുള്ളതാണ്… അമേരിക്കയില്‍ ഒരു പക്ഷേ, ഒരു മലയാളിക്കും ഇതു പോലൊരു സ്‌നേഹം ലഭിച്ചിട്ടുണ്ടാവില്ല. അത്രയ്ക്ക് സ്‌നേഹം പകര്‍ന്നു തന്ന റെജി ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഈ സുഹൃത്തുക്കളെയും തളര്‍ത്തുന്നു. ഇന്നു വൈകുന്നേരമാണ് പൊതുദര്‍ശനം. നാളെയാണ് സംസ്‌ക്കാരം. ഓര്‍മ്മകളുടെ മന്ദാരച്ചെപ്പില്‍ റെജി ഇന്നും പുഞ്ചിരിച്ചു നില്‍ക്കുകയാണ്. ഇനി റെജി കൂടെയില്ലെന്ന് അറിയുമ്പോള്‍ വണ്ടിക്കുള്ളില്‍ മൗനം. ഇടയ്ക്കിടെ ചെറു വിതുമ്പലുകള്‍. അത്‌ലാന്റയില്‍ നിശ്ചലമായി കിടക്കുന്ന റെജിയുടെ സമീപത്തേക്കെത്താന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി.