തിരുവനന്തപുരം: ഒരു രാജ്യം, ഒരു ഭാഷ മുദ്രാവാക്യത്തെ പിന്തുണച്ച്‌ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു ഭാഷജനങ്ങളെ ഒരുമിപ്പിക്കുമെന്ന് ഗവര്‍ണര്‍. രാജ്യത്തിന്‍റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടുത്തണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഹിന്ദി ഭാഷ വിവാദത്തിന് തിരികൊളുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് ഹിന്ദിദിനാചരണത്തിന്‍റെ ഭാഗമായി അമിത് ഷാ പറഞ്ഞു. വൈവിധ്യങ്ങള്‍ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഎമ്മും ഭാഷാ സമരത്തിന് ഒരുക്കമാണെന്ന് ഡിഎംകെയും പ്രതികരിച്ചു.

ഒരു രാജ്യം, ഒരു നികുതി, ഒറ്റ തിരഞ്ഞെടുപ്പ്, ഒരു ഭരണഘടന തുടങ്ങി ബിജെപി മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങള്‍ക്ക് പിന്നാലെ മറ്റൊന്നുകൂടി. ഒരു രാജ്യം ഒരു ഭാഷ. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്ന് അമിത് ഷാ പറ‍ഞ്ഞു. ഗാന്ധിജിയുടെയും സര്‍ദാര്‍ പട്ടേലിന്‍റെയും സ്വപ്നം യഥാര്‍ഥ്യമാകാന്‍ മാതൃഭാഷയ്ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്ന് അമിത് ഷാ ആഹ്വാനം ചെയ്തു. രാജ്യത്തിന്‍റെ ഫെഡറല്‍ തത്വങ്ങളെ ബിജെപി തകര്‍ക്കുന്നുവെന്ന് സിപിഎം കുറ്റപ്പെടുത്തി. ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംതരം പൗരന്മാരാക്കാനാണ് നീക്കമെന്നും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു.

പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി, കര്‍ണാടക മുന്‍മുഖ്യമന്ത്രിമാരായ എച്ച്‌.ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരും അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. ബെംഗളുരുവില്‍ ഹിന്ദി വിരുദ്ധ പ്രതിഷേധവും നടന്നു. കരട് വിദ്യാഭ്യാസ നയത്തില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ആവശ്യത്തിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നിരുന്നു.