എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പാലായില്‍ ഇടതുമുന്നണിക്കുള്ള പിന്തുണ ആവര്‍ത്തിച്ചതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാണി സി കാപ്പന്‍. വെള്ളാപ്പള്ളിയുടെ പിന്തുണ ഇരട്ടി ഊര്‍ജ്ജമായെന്നും ആത്മവിശ്വാസം വര്‍ധിച്ചെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എന്നാല്‍ എസ്എൻഡിപി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാത്തതിനാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന തിരിച്ചടിയാകില്ലെന്നാണ് പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്‍റെ പ്രതീക്ഷ.

പാലായിൽ സാമുദായിക ഘടകങ്ങൾ ഇടത് മുന്നണിക്ക് അനുകൂലമെന്നാണ് മാണി സി കാപ്പന്‍ കരുതുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ രാഷ്ട്രീയ ബോധ്യത്തോടെ വോട്ട് ചെയ്യുമെന്ന് ജോസ് ടോം പ്രതികരിച്ചു. പാലായിലെ എസ്എൻഡിപി അണികൾക്കിടയിൽ ഇടത് അനുകൂല തരംഗമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് എൻഡിഎയുടെ ഭാഗമായിരുന്നിട്ടും പാലായിൽ കെ എം മാണിക്കായിരുന്നു വെള്ളാപ്പള്ളിയുടെ പിന്തുണ. ചെക്ക് കേസിൽ തുഷാറിനായി മുഖ്യമന്ത്രി പിണറായി ഇടപെട്ടതിന് പിന്നാലെ പാലാ ഉപതെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി ഇടതിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.

ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ വെള്ളാപ്പള്ളി സിപിഎമ്മിന് പിന്തുണ ആവർത്തിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജനകീയ മുഖമില്ലെന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ശബരിമലയും നവോത്ഥാന സമിതിയിലെ പിളർപ്പും പാലായിൽ ചർച്ചയാക്കി മുന്നണിക്കുള്ളിലെ തർക്കങ്ങൾ മറികടക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. അതേ സമയം യുഡിഎഫിലെ തർക്കങ്ങളിലും പാലായിലെ വികസന പ്രശ്നങ്ങളിലും കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് അനുകൂലമാക്കാനാണ് എൽഡിഎഫ് ശ്രമം.