ന്യൂഡല്‍ഹി: സാന്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര വാണിജ്യ വ്യവസായ പീയൂഷ് ഗോയലിനെയും ധനമന്ത്രി നിര്‍മല സീതാരാമനെയും കളിയാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ക്രിക്കറ്റ് മത്സരത്തിലെ ഉജ്ജ്വലമായ ഒരു ക്യാച്ചിന്റെ വീഡിയോ പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ പരിഹാസം.
നല്ല ക്യാച്ച് എടുക്കണമെങ്കില്‍ പന്തില്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഗുരുത്വാകര്ഷണത്തെയും ഗണിതത്തെയും ഓലയെയും ഉൗബറിനെയുമൊക്കെ കുറ്റം പറഞ്ഞിരിക്കേണ്ടിവരും. ഇന്ത്യയുടെ സന്പദ്വ്യവസ്ഥയുടെ നല്ലതിനായി പൊതുജന താല്പര്യാര്ഥം പങ്കുവയ്ക്കുന്നത്- ക്യാച്ചിന്റെ വീഡിയോയ്ക്കൊപ്പം പ്രിയങ്ക ട്വീറ്റ് ചെയ്തു.
നേരത്തെ, മാന്ദ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ നേരിടവെയാണു പിയൂഷ് ഗോയല്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐന്സ്റ്റീനാണെന്നു പറഞ്ഞത്. ഇതു വീണ്ടും വിശദീകരിച്ചപ്പോഴും ഗോയല്‍ ഐന്‍സ്റ്റീന്റെ പേര് ആവര്‍ത്തിച്ചു. ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചതു ന്യൂട്ടനാണെന്ന തെറ്റു തിരുത്താന്‍ അദ്ദേഹം തയാറായില്ല.
ചെറുപ്പക്കാര്‍ ഓണ്‍ലൈന്‍ ടാക്സികളായ ഓലയും ഉൗബറും ഉപയോഗിക്കുന്നതാണു വാഹന വിപണിയില്‍ മാന്ദ്യത്തിനു കാരണമെന്നാണു ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞത്. ഇതിനെയെല്ലാം പരിഹസിച്ചാണു പ്രിയങ്ക ഗാന്ധിയുടെ ട്രോള്‍.