അമേരിക്കയിലെ ഫ്ലോറിഡയിലെ ലന്റാനയിലുള്ള ഒരു പ്രാദേശിക നൈറ്റ് ക്ലബില്‍ സമയം ചെലവിട്ടതിന് ശേഷം, ഉടന്‍ വീട്ടിലെത്തുമെന്ന് പറയാന്‍ വില്യം എര്‍ള്‍ മോള്‍ഡ് രാത്രി 9:30 ഓടെ കാമുകിയെ വിളിച്ചു. 40 വയസുള്ള മോര്‍ട്ട്ഗേജ് (ഭൂപണയാധാരം) ബ്രോക്കറായ വില്യം എര്‍ള്‍ മോള്‍ഡ് അപൂര്‍വ്വമായി മാത്രമേ മദ്യപിച്ചിരുന്നുള്ളൂ, അന്ന്, 1997 നവംബറില്‍ വൈകുന്നേരം പുറത്ത് സമയം ചെലവഴിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
അധികൃതരുടെ (നാഷണല്‍ മിസ്സിംഗ് ആന്റ് അണ്‍ഐഡന്റിഫൈഡ് പെര്‍സണ്‍സ് സിസ്റ്റം) നിഗമനത്തില്‍ അന്ന് അയാള്‍ മദ്യപിച്ചിരുന്നില്ല. ക്ലബ്ബില്‍ ഒറ്റയ്ക്ക് സമയം ചെലവിട്ട ആയാള്‍ രാത്രി പതിനൊന്നു മണിയോടെ തന്റെ 1994 മോഡല്‍ വൈറ്റ് സാറ്റേണ്‍ എസ്.എല്‍ കാറില്‍ ക്ലബ് വിട്ടു. എന്നാല്‍ ആ രാത്രിയിലോ അതിനു ശേഷമുള്ള രാത്രികളിലോ മോള്‍ഡ് തിരിച്ച് വീട്ടിലെത്തിയില്ല. ബില്‍ എന്നറിയപ്പെട്ടിരുന്ന വില്യം എര്‍ള്‍ മോള്‍ഡ് ശാന്തസ്വഭാവക്കാരനായിരുന്നു, എല്ലാവര്‍ക്കും അദ്ദേഹത്തെ പറ്റി നല്ല അഭിപ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ 22 വര്‍ഷത്തോളം അദ്ദേഹം എവിടെയാണ് എങ്ങനെയാണ് അപ്രത്യക്ഷനായതെന്ന് മാത്രം ആര്‍ക്കും ഒരറിവും ലഭിച്ചില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം 2019 -ല്‍, ഒരാള്‍ ഈ പ്രദേശത്തിന്റെ ഗൂഗിള്‍ എര്‍ത്ത് സാറ്റ്ലൈറ്റ് ഫോട്ടോ, മറ്റൊരാവശ്യത്തിനായി സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു, തികച്ചും യാദൃച്ഛികമായി, ഫ്ലോറിഡയിലെ വെല്ലിംഗ്ടണിലെ ഒരു കുളത്തിന്റെ മൂലയില്‍ മുങ്ങി, ഒരു കാര്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു, പിന്നീടുള്ള അന്വേഷണത്തില്‍ ഓഗസ്റ്റ് 28-ന്, വളരെക്കാലമായി വെള്ളത്തില്‍ കിടക്കുകയായിരുന്ന ദ്രവിച്ചു തുടങ്ങിയ വാഹനം 1994 മോഡല്‍ വൈറ്റ് സാറ്റേണ്‍ എസ്.എല്‍ കാര്‍ ആണെന്ന് മനസിലാകുകയും ഫോറന്‍സിക് പരിശോധനയില്‍ മോള്‍ഡിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു, മൂണ്‍ ബേ സര്‍ക്കിളിനടുത്തുള്ള പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
” 2007 മുതല്‍ ഈ കുളത്തിന്റെ ഗൂഗിള്‍ എര്‍ത്ത് സാറ്റലൈറ്റ് ഫോട്ടോയില്‍ ഒരു വാഹനം വ്യക്തമായി കാണാമായിരുന്നു, പക്ഷേ 2019 വരെ ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല, ഒരു വസ്തു(പ്രോപ്പര്‍ട്ടി) സര്‍വേയര്‍ ഗൂഗിള്‍ എര്‍ത്ത് നോക്കിയപ്പോഴാണ് കാര്‍ കണ്ടത്,” എന്ന് കാണാതായ ആളുകളെകുറിച്ചുള്ള വിവരങ്ങള്‍ സമാഹരിക്കുന്ന ഡാറ്റാബേസായ ചാര്‍ലി പ്രോജക്റ്റ്, മോള്‍ഡിന്റെ പ്രൊഫൈലില്‍ രേഖപ്പെടുത്തി.
ഒരു മുന്‍ സ്ഥലവാസിയാണ് ഗൂഗിള്‍ എര്‍ത്ത് വഴി കുളത്തില്‍ കാര്‍ കണ്ടത് അയാള്‍ ഉടനെ അവിടെ താമസിക്കുന്ന മറ്റൊരാളെ വിവരം അറിയിക്കുകയും അയാള്‍ കുളത്തിന് മുകളില്‍ ഡ്രോണ്‍ ക്യാമറ പറത്തി വാഹനം ഉണ്ടെന്ന് സ്ഥിരീകരിച്ച ഉടന്‍ തന്നെ അധികൃതരെ വിളിച്ച് അറിയിക്കുകയുമായിരുന്നു, ഷെരീഫിന്റെ ഓഫീസ് പറഞ്ഞു.
എന്നിരുന്നാലും മോള്‍ഡിന്റെ കാര്‍ എങ്ങനെയാണ് കുളത്തില്‍ മുങ്ങിയതെന്ന് മാത്രം ഇന്നും വ്യക്തമല്ല.