കോഴിക്കോട്: കോഴിക്കോട് പേരാന്പ്രയില്‍ കൗമാരക്കാരിയുടെ മരണത്തിനു കാരണം ഷിഗെല്ലയെന്നു സൂചന. രോഗലക്ഷണങ്ങള്‍ അവലോകനം ചെയ്തതിലാണ് ഡോക്ടര്‍മാര്‍ ഈ നിഗമനത്തിലെത്തിയത്. ഷിഗെല്ല ബാധ സ്ഥിരീകരിക്കുന്നതിനു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടതുണ്ട്.
ഞായറാഴ്ചയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സനുഷ മരിച്ചത്. വയറിളക്കത്തെയും ഛര്‍ദിയെയും തുടര്‍ന്നു സനുഷയെ ഒരാഴ്ച മുന്‍പു പേരാന്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ സനുഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വന്നു. ഞായറാഴ്ച മരിച്ചു.
സമാനലക്ഷണങ്ങളുമായി സനുഷയുടെ സഹോദരിയെയും മുത്തച്ഛനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മരിച്ച കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളം, പരിശോധനയ്ക്കായി റീജണല്‍ അനലിറ്റിക്കല്‍ ലാബിലേയ്ക്ക് അയച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സംഘം സ്ഥലത്തു ക്യാന്പ് ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്നു കുടിവെള്ളം മലിനമായ സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ബാക്ടീരിയ വഴി ഉണ്ടാകുന്ന വയറിളക്കമാണു ഷിഗെല്ല. വെള്ളത്തിലൂടെയാണു പകരുന്നത്. മലത്തോടൊപ്പം രക്തവും പുറത്തേക്കു വരുന്നതു കൊണ്ട് ഇതിനെ ഡിസന്ററി എന്നു പറയുന്നു.