ബിനാമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡികെ ശിവകുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഇതേ കേസില്‍ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്യാനായി വിളിച്ച്‌ വരുത്തിയിരുന്നു. ഈ സംഭവം ശിവകുമാറിനെ മാനസികമായി തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ശിവകുമാറിന് രക്തസമ്മര്‍ദം വര്‍ധിച്ചതായും അതിസാരത്തിന്റെ ലക്ഷണമുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മകളുടെ ചോദ്യം ചെയ്യലില്‍ ശിവകുമാര്‍ തകര്‍ന്നെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റിന് മുമ്ബില്‍ ഹാജരായ ഐശ്വര്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശിവകുമാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ശിവകുമാറിന്റെ അവസ്ഥയില്‍ നേതാക്കളും ഞെട്ടിയിരിക്കുകയാണ്. കോടതിയുടെ അനുവാദത്തോടെ നേതാക്കള്‍ ശിവകുമാറിന് ഷേവിംഗ് സെറ്റ് നല്‍കിയിട്ടുണ്ട്.

അതേസമയം തന്റെ കൈവശമുള്ള കെട്ടിടത്തില്‍ നിന്ന് പിടിച്ചെടുത്ത പണം തന്റേതല്ലെന്ന് ശിവകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിരുന്നു. ഇതേ ചോദ്യം തന്നെയാണ് മകളോടും ചോദിച്ചതെന്നാണ് സൂചന. ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ചിലപ്പോള്‍ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും സാധ്യതയുണ്ട്. നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങളാണ് ഐശ്വര്യക്ക് മുന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശിവകുമാറിനെ കാണാനായി സിദ്ധരാമയ്യയും ഡികെ സുരേഷും കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയെങ്കിലും ശിവകുമാറിനെ ദൂരെ നിന്ന് കാണാനാണ് അധികൃതര്‍ അനുവദിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വാങ്ങി വെച്ചിരുന്നു. ശിവകുമാറുമായി സംസാരിക്കാനും അനുവദിച്ചില്ല. കോടതിയുടെ നിര്‍ദേശമുള്ളത് കൊണ്ടാണ് ഇതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വിശദീകരണം.