ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൊഴിലാളികള്‍ പണി മുടക്കും. ഈ മാസം 25 ന് അര്‍ധരാത്രി മുതല്‍ 27 വരെയാണ് പണി മുടക്ക്. ബാങ്കിംഗ് മേഖലയിലെ വിവിധ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ നവംബര്‍ മാസത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

ഓഗസ്റ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാംഘട്ട സാമ്ബത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചത്. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.

പിഎന്‍ബി, ഒബിസി, യൂണിയന്‍ ബാങ്കുകള്‍, കാനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹാബാദ് ബാങ്ക്, ആന്ധ്രാ ബാങ്ക്, യൂണിയന്‍ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയാണ് ലയിക്കുന്നത്.