ജര്‍മ്മനിയില്‍ നിന്ന് കേരളത്തിലെത്തി കാണാതായ ലിസ വെയ്സ് എന്ന യുവതിയെ തേടിയുള്ള പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. യുവതിയെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ വീട്ടുകാരില്‍ നിന്നോ ജര്‍മ്മന്‍ എംബസിയില്‍ നിന്നോ ഇതുവരെ ലഭ്യമാകാത്തതും തിരിച്ചടിയായി. ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ശംഖുംമുഖം അസി.കമ്മിഷണര്‍ ഇളങ്കോ, നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ ഷീന്‍ തറയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ലിസയുടെ മാതാവിന്റെ പരാതിയില്‍ 1411/ 2019 ക്രൈംനമ്ബരായി പൊലീസ് രജിസ്റ്റ‌ര്‍ ചെയ്ത കേസില്‍ കേരളത്തിനകത്തും പുറത്തും മാസങ്ങളായി അന്വേഷണം തുടരുകയാണെങ്കിലും ഒരു തുമ്ബും ഇതുവരെ ലഭിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ലിസയോട് സാമ്യമുള്ള യുവതിയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാണാതാകുന്നതിന് തൊട്ടുമുമ്ബ് വര്‍ക്കലയില്‍ ലിസ എത്തിയത് മാത്രമാണ് ഇവരുടെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ അന്വേഷണ സംഘത്തിന് സഹായകമായ തെളിവ്. അതിനുശേഷം ലിസയ്ക്ക് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ജര്‍മ്മനിയിലെത്തി കുടുംബാംഗങ്ങളെ നേരില്‍കാണാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിനായി സംസ്ഥാന പൊലീസ് മേധാവി മുഖാന്തിരം അന്വേഷണ സംഘം സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്.

സന്തോഷവതിയായിരുന്നു

ജര്‍മ്മനിയിലെ സ്റ്റോക്ക് ഹോമില്‍ നിന്ന് ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിയ്ക്കൊപ്പം ദുബായ് വഴി ഇക്കഴിഞ്ഞ മാര്‍ച്ച്‌ 7നാണ് ലിസ കേരളത്തിലെത്തിയത്. നാട്ടിലെത്തിയശേഷം മാതാവും സുഹൃത്തുക്കളുമായി ഫോണ്‍വഴി സൗഹൃദം പുലര്‍ത്തിയിരുന്ന ലിസയെ മാര്‍ച്ച്‌ 11 മുതലാണ് കാണാതായതായി സംശയിക്കുന്നത്. മാര്‍ച്ച്‌ 5നും 10നുമാണ് വീട്ടുകാരുമായി സംസാരിച്ചത്. മാര്‍ച്ച്‌ 5ന് അമേരിക്കയിലുള്ള കുട്ടികളെ വീഡിയോ കോള്‍ചെയ്ത ശേഷം കേരളത്തിലേക്ക് പോകുന്നുവെന്നും മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും വിളിക്കാമെന്നും പറഞ്ഞു. മാര്‍ച്ച്‌ 10നായിരുന്നു അവസാനവിളി. ഞാന്‍ ഇന്ത്യയിലാണ്. അതീവ സന്തോഷവതിയാണെന്നുമാണ് അന്ന് പറഞ്ഞതെന്നും ലിസയുടെ അമ്മ പരാതിയില്‍ പറയുന്നു. മാര്‍ച്ച്‌ 15ന് മുഹമ്മദലി കേരളത്തില്‍ നിന്ന് മടങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്കൊപ്പമോ തനിച്ചോ ലിസയുടെ മടക്കയാത്ര സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് ആയിട്ടില്ല. ലിസയുടെ ദുരൂഹമായ തിരോധാനത്തിന് പിന്നാലെയുള്ള മുഹമ്മദ് അലിയുടെ യാത്രയില്‍ ദുരൂഹതയുണ്ടെങ്കിലും ഇയാളെ കേന്ദ്രീകരിച്ച്‌ മതിയായ അന്വേഷണം സാദ്ധ്യമാകാത്തതും പ്രത്യേക സംഘത്തെ പ്രതിസന്ധിലാക്കിയിട്ടുണ്ട്.

ആദ്യമായല്ല കേരളത്തില്‍

ലിസ കേരളത്തില്‍ ആദ്യമായല്ല കേരളത്തിലെത്തുന്നത്. 2011ലും കേരളത്തിലെത്തിയിരുന്നു. 2012ല്‍ ഈജിപ്തിലെത്തിയാണ് ലിസ ഇസ്ളാം മതം സ്വീകരിച്ചത്. വിവിധ രാജ്യങ്ങളിലെ തീവ്ര മുസ്ളീം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പശ്ചാത്തലവും ലിസയ്ക്കുണ്ട്. ഈജിപ്തില്‍ മുസ്ളീം സംഘടനയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനിടെ അബ്ദുള്‍ റഹ്മാന്‍ ഹാഷിം എന്നയാളെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളുണ്ട്. 2016ല്‍ വിവാഹമോചിതയായി ജര്‍മ്മനിയിലേക്ക് മടങ്ങി. ലിസയ്ക്കൊപ്പം കേരളത്തിലെത്തിയ മുഹമ്മദ് അലിയ്ക്കും ഏതെങ്കിലും സംഘടനാ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലിസയെ കണ്ടെത്താനായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസും പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്തെ മതപാഠശാലകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച്‌ പ്രത്യേക സംഘം നടത്തിയ അന്വേഷണങ്ങളും ഫലം കണ്ടില്ല. അതോടെയാണ് ജര്‍മ്മനിയില്‍ പോയി അന്വേഷണം നടത്താന്‍ പൊലീസ് തയാറെടുക്കുന്നത്.