പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്ക് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ആദ്യപടിയായി മേഖലയിലെ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കും.

സെപ്റ്റംബര്‍ 25 അര്‍ധരാത്രി മുതല്‍ സെപ്റ്റംബര്‍ 27 അര്‍ധരാത്രി വരെ 48 മണിക്കൂറാണ് പണിമുടക്ക്. സര്‍ക്കാര്‍ ലയനനടപടികളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ നവംബര്‍ രണ്ടാം വാരം മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും ജീവനക്കാരുടെ നാല് യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.

ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ.), ഇന്ത്യന്‍ നാഷണല്‍ ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി.), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് (എന്‍.ഒ.ബി.ഒ.) എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.