ഇന്ത്യയുമായി വാണിജ്യ സഹകരണം ഊർജ്ജിതപ്പെടുത്താൻ അമേരിക്കയിലെ ന്യൂ ജേഴ്‌സി സംസ്ഥാനത്തിന്റെ ഗവർണർ ഫിൽ മർഫി ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യൻ കമ്പനികളെ ന്യൂജേഴ്‌സിയിലേക്ക് സ്വാഗതം ചെയ്യുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ ഏറ്റവും അധികം ഇന്ത്യക്കാർ താമസിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ന്യൂജെഴ്സിയുടെ ഗവർണർ ഫിൽ മർഫി സെപ്തംബർ 13 മുതൽ 22 രണ്ട്‌ വരെ ഇന്ത്യ സന്ദർശിക്കും.  ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, ഗാന്ധിനഗർ തുടങ്ങിയ നഗരങ്ങൾ അദ്ദേഹം സന്ദർശിക്കും.  മോദി സർക്കാരിലെ ക്യാബിനറ്റ് മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, കോർപ്പറേറ്റ് തലവന്മാർ, ഫിക്കി, യുഎസ് ഇന്ത്യ ബിസിനസ്സ് കൗൺസിൽ അംഗങ്ങൾ എന്നിവരുമായി ഗവർണർ മർഫി വിശദമായ ചർച്ചകൾ നടത്തും.

ന്യൂജെഴ്‌സി നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിർമാണ കമ്പനികൾ, ടെക്നോളജി കമ്പനികൾ എന്നിവയൊക്കെ സ്ഥിതി ചെയ്യുന്നത് ന്യൂ ജേഴ്സിയിലാണ്.  ഈ സാഹചര്യം ഉപയോഗപ്പെടുത്തി ഐടി, ഫാർമ, മീഡിയ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇന്ത്യയിൽ നിന്ന് നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ മർഫി പറഞ്ഞു.

കശ്മീരിലെ സാഹചര്യം കണക്കിലെടുത്തു ഗവർണർ ഫിൽ മർഫി ഇന്ത്യ സന്ദർശനവുമായി മുന്നോട്ട് പോകരുതെന്ന് അമേരിക്കയിലെ വിവിധ പാകിസ്ഥാനി സംഘടനകൾ സമ്മർദം ചെലുത്തിയെങ്കിലും ഗവർണർ വഴങ്ങിയില്ല.  നേരത്തെ തീരുമാനിച്ച പ്രകാരം സന്ദർശനം തുടരുമെന്ന് ഗവർണർ വ്യക്തമാക്കി. ന്യൂജേഴ്‌സി സാമ്പത്തിക വികസന ബോർഡ് സിഇഒ ടിം സള്ളിവൻ, മലയാളിയായ വൈസ് പ്രസിഡന്റ് വെസ്‌ലി മാത്യു തുടങ്ങിയവരടങ്ങുന്ന ഉന്നതസംഘം ഗവർണറെ അനുഗമിക്കും.