ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് കൃത്യമായി വിജയിക്ക് കൈമാറി ശ്രദ്ധേയമാകുന്നത് കോട്ടയം തിരുനക്കരയിലെ മീനാക്ഷി ലക്കി സെൻ്ററിൻ്റെ മഹത്തരമായ മാതൃക. വിജയിയായ മിനിമോൾക്ക് ടിക്കറ്റ് കൈമാറി സന്തോഷം പങ്കു വച്ച് മീനാക്ഷി ലോട്ടറി ഉടമ മുരുകേശനും.
കഴിഞ്ഞ ശനിയാഴ്ചയാണ് മിനി മോൾ മീനാക്ഷി ലോട്ടറിയുടെ തിരുനക്കരയിലെ വില്പന കേന്ദ്രത്തിൽ വിളിച്ച് ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരൻ സുരേഷിനോട് തനിക്ക് രണ്ട് ടിക്കറ്റ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് അനുസരിച്ച് സുരേഷ് മിനിമോൾക്കായി രണ്ട് ടിക്കറ്റ് മാറ്റി വയ്ക്കുകയും ചെയ്തു. ഭാഗ്യവശാൽ വൈകിട്ട് നറക്കെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ മിനിമോൾ മാറ്റി വയ്ക്കാൻ നിർദേശിച്ച കെ.ജി 790019 നമ്പറിലുള്ള കാരുണ്യ ടിക്കറ്റിനാണ് 80 ലക്ഷം രൂപ സമ്മാനം അടിച്ചത്.
എന്നാൽ 80 ലക്ഷത്തിന്റെ വമ്പൻ സമ്മാനം കൺമുന്നിൽ കണ്ടിട്ടും മിനിമോളോടുള്ള വാക്ക് കൃത്യമായി പാലിച്ച മീനാക്ഷി ലോട്ടറി ഏജൻസിയും മാതൃകാപരമായ പ്രവർത്തനം കാട്ടി. സമ്മാനാർഹമായ ടിക്കറ്റിന്റെ വിവരം ലോട്ടറി ഏജൻസി ജീവനക്കാർ തന്നെ മിനിമോളെ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടർന്ന്, ഇന്നു രാവിലെ ലോട്ടറി ഓഫിസിൽ എത്തിയ മിനിമോൾക്ക് ലോട്ടറി ടിക്കറ്റ് മീനാക്ഷി ലോട്ടറി ഏജൻസി ഉടമ മുരുകേശൻ കൈമാറി.