സ്‌നേഹിച്ച പെണ്‍കുട്ടിക്കായി പല സാഹസിക പ്രവര്‍ത്തനങ്ങളിലും യുവാക്കള്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെ ഏതുവിധേനയും സ്വന്തമാക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ജയിലിലായ അവസ്ഥയാണ് തമിഴ്‌നാട് സ്വദേശിയായ ചെല്ലദുരൈയുടേത്.

ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ കുടുംബം വിവാഹം കഴിപ്പിച്ച് നല്‍കാം, പക്ഷേ 10 ലക്ഷം നല്‍കണമെന്ന നിബന്ധന ബന്ധുക്കള്‍ മുന്നോട്ടു വെയ്‌ക്കേണ്ടി വന്നു. ഓട്ടോ ഡ്രൈവറായ ചെല്ലദുരൈ(29) സ്‌നേഹിക്കുന്ന പെണ്‍കുട്ടി അല്‍പം സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു. ഇതാണ് യുവാവിന് വില്ലനായതും.

എന്നാല്‍ ഈ നിബന്ധന മറികടക്കാന്‍ മോഷണം നടത്തേണ്ടി വന്നു ഈ യുവാവിന്. സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കുവാന്‍ സുഹൃത്തുക്കളായ വിഘ്‌നേഷ്, മാരിമുത്തു എന്നിവരുമായി ചേര്‍ന്നു സംഭവം ആസൂത്രണം ചെയ്തു.

ഇതിനായി മൂവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം താംബരത്തെ സൗന്ദര രാജന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി. വലിയ വീടായിരുന്നെങ്കിലും സ്വര്‍ണ്ണമോ പണമോ ഒന്നും തന്നെ കിട്ടിയില്ല. ഇതോടെ കൈയ്യില്‍ കിട്ടിയ ടിവി, ഫ്രിഡ്ജ്, ബള്‍ബുകള്‍ തുടങ്ങിയ വസ്തുക്കള്‍ എടുത്ത് അവിടെ നിന്നും മുങ്ങുകയായിരുന്നു.

ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു. അടുത്ത ദിവസം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടനെ തന്നെ സൗന്ദര രാജന്‍ പോലീസില്‍ പരാതി നല്‍കി. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ചെല്ലദുരൈയെയും സംഘത്തെയും കൈയ്യോടെ പൊക്കുകയും ചെയ്തു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാമുകിയെ സ്വന്തമാക്കുവാന്‍ വേണ്ടിയാണ് മോഷണത്തിലേയ്ക്ക് തിരിഞ്ഞതെന്ന് ചെല്ലദുരൈ പറഞ്ഞത്. ശേഷം കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു.