കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടന്ന കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്ന് വീണ്ടും റെയ്ഡ്. രണ്ടു മൊബൈൽ ഫോണുകളും ഇവ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന സോളാർ ചാർജറുകളും റെയ്ഡിൽ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയപ്പോഴും തടവുകാർ ഒളിപ്പിച്ചിരുന്ന സ്മാർട്ട് ഫോണുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. അതിന്‍റെ തുടർച്ചയായിരുന്നു ഇന്ന് നടന്ന റെയ്ഡുകൾ.
സംസ്ഥാനത്തെ ജയിലുകളിൽ മൊബൈൽ ഫോണ്‍ ഉപയോഗവും ലഹരി വസ്തുക്കളും വ്യാപകമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജയിൽ ഡിജിപിയായി ഋഷിരാജ് സിംഗ് സ്ഥാനമേറ്റതിന് പിന്നാലെയാണ് വിവിധ ജയിലുകളിൽ റെയ്ഡ് തുടങ്ങിയത്. ഇതിനിടെ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനി വിയ്യൂർ ജയിലിൽ നിന്നും ഖത്തറിലുള്ള വ്യവസായി വിളിച്ച് വധഭീഷണി മുഴക്കിയ വാർത്തയും പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ റെയ്ഡിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ദിവസങ്ങൾക്കിടെ നടന്ന മൂന്നാം റെയ്ഡിലും ഫോണുകൾ പിടിച്ചതോടെ ജയിലുകളിൽ ഫോണ്‍ ഉപയോഗം വ്യാപകമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇടവിട്ട ദിവസങ്ങളിൽ റെയ്ഡുകൾ തുടരാനാണ് ജയിൽ വകുപ്പിന്‍റെ തീരുമാനം.