ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ സ്റ്റേ നീക്കാൻ‌ ഹൈക്കോടതി വിസമ്മതിച്ചു. റിപ്പോർട്ടിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നല്കിയ ഹർജിയിലാണ് തീരുമാനം. കെഇആർ പരിഷ്കരണത്തിന് സ്റ്റേ തടസമല്ലെന്നും റിപ്പോർട്ട് നടപ്പാക്കും മുമ്പ് എല്ലാവരുടെയും അഭിപ്രായം കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജൂൺ 17ലെ സ്റ്റേ ഉത്തരവിൽ കോടതി ഭേദഗതി വരുത്തും.

പൊതു സമൂഹത്തിന്‍റെയും വിദ്യാർഥി സമൂഹത്തിന്‍റെയും ഉത്തമ താത്പര്യം മുൻനിർത്തി എല്ലാവരുമായും ചർച്ച നടത്തിയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഒന്നാക്കുക എന്നതായിരുന്നു ഖാദർ കമ്മീഷന്‍റെ പ്രധാനശിപാർശ. സംസ്ഥാനത്തെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളുടേയും നിയന്ത്രണവും ഏകോപനവും സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിക്ഷിപ്തമാക്കണമെന്ന് കമ്മീഷൻ ശിപാർശ ചെയ്യുന്നു.

ഈ റിപ്പോർട്ട് അംഗീകരിച്ച് ജൂൺ ഒന്നിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു.