ചുരുങ്ങിയ കാലയളവിനുള്ളില്‍ ശക്തമായ വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സു കീഴടക്കിയ താരമാണ് തപ്‌സി പന്നു. പലപ്പോഴും തപ്‌സിയുടെ തുറന്നു പറച്ചിലുകള്‍ ശ്രദ്ധേയമാകാറുണ്ട്. കരിയറിന്റെ തുടക്കകാലത്ത് താമസിക്കാന്‍ ഒരു വീടിനുവേണ്ടി വളരെയേറെ ബുദ്ധിമുട്ടിയിരുന്നുവെന്നും താരം പറയുന്നു.തനിച്ചു ജീവിക്കുന്ന ഒരു സിനിമാ താരത്തിന് വാടകയ്ക്ക് നല്‍കാന്‍ വീടില്ല എന്ന മറുപടിയാണ് തനിക്ക് പല സ്ഥലത്തു നിന്നും ലഭിച്ചതെന്നും അവര്‍ പറയുന്നു. അഭിനയത്തെ മാന്യമായ ഒരു തൊഴിലായി അംഗീകരിക്കാന്‍ മടിച്ചവരാണ് അത്തരത്തിലുള്ള മറുപടി നല്‍കി തന്നെ നിരാശയാക്കിയതെന്നും അവര്‍ പറയുന്നു.

സമൂഹം അങ്ങനെയാണ് ചിലപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കും. മറ്റു ചിലപ്പോള്‍ അവഗണനകാട്ടി വേദനിപ്പിക്കും. എത്ര പണം മുടക്കിയും തിയറ്ററിലെത്തി സിനിമ കാണാന്‍ മടിയില്ലാത്തവരാണ് താമസിക്കാന്‍ ഒരു വാടക വീടു ചോദിച്ചാല്‍ ഒഴിവുകഴിവു പറയുന്നത്.തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തപ്‌സി പറഞ്ഞതിങ്ങനെ…” ഏറ്റവും കൂടുതല്‍ വിഷമമനുഭവിച്ചത് താമസിക്കാന്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്താനാണ്. ഒറ്റയ്ക്കു താമസിക്കുന്ന നടികള്‍ക്ക് അപാര്‍ട്‌മെന്റ് വാകയ്ക്ക് നല്‍കാന്‍ ആരും തയാറല്ല. ഞങ്ങളുടെ ജോലിയെ അവര്‍ക്ക് തീരെ വിശ്വാസമില്ല. 500 രൂപയൊക്കെ മുടക്കി തിയറ്ററില്‍ പോയി ഞങ്ങളുടെ സിനിമകള്‍ കാണും, ലൈവ് പെര്‍ഫോമെന്‍സുകള്‍ നടക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ അവരുണ്ടാകും. പക്ഷേ അതേ സമൂഹം തന്നെയാണ് താമസിക്കൊനൊരു ഇടം തരാതെ ഒറ്റപ്പെടുത്തുന്നത്. തുടക്കത്തില്‍ ഇതൊക്കെയൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നു”.

ഒരുമാസം കൊണ്ടാണ് അന്ന് താമസിക്കാനൊരു അപാര്‍ട്ട്‌മെന്റ് ശരിയായതെന്നും മുന്‍പ് താമസിച്ചിരുന്ന ഹൈദരാബാദില്‍ നിന്ന് ഇത്തരം പ്രശ്‌നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും തപ്‌സി പറയുന്നു.
”ഞാനൊരു ഡല്‍ഹിക്കാരി പെണ്‍കുട്ടിയാണ്.സ്ഥലത്തിന്റെ കാര്യത്തില്‍ ഡല്‍ഹിയും ഹൈദരാബാദുമെല്ലാം ഒരുപോലെയാണ്. ഇവിടെ ചില നിയന്ത്രണങ്ങളൊക്കെയുണ്ട്. ഇപ്പോള്‍ ഇവിടെയുള്ള സ്ഥലത്ത് ഒതുങ്ങിക്കൂടാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഇവിടെ എനിക്കൊരു അപാര്‍ട്ട്‌മെന്റ് ലഭിച്ചു. സഹോദരിയോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ഇപ്പോള്‍. അച്ഛനും അമ്മയും ഇപ്പോഴും ഡല്‍ഹിയിലാണ് താമസം.” തപ്‌സി പറയുന്നു. തന്റെ ദുരനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ടെന്നും തപ്‌സി പറഞ്ഞു.