മലയാള സിനിമയില്‍ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച മേലേപ്പറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി ഉണ്ണികൃഷ്ണന്‍, കടിഞ്ഞൂല്‍ കല്യാണം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ഈ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മുന്‍നിര നായകന്മാര്‍ക്ക് ഒപ്പമെത്തി. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അകന്നു. ഇതിന്റെ കാരണം രാജസേനന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

രാജസേനന്‍ പറഞ്ഞതിങ്ങനെ- എവിടെയൊക്കെയോ ഞങ്ങള്‍ തമ്മില്‍ മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ചില പിന്തിരിപ്പന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി എന്നു പറയണം. ജയറാമിനാണത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ജയറാമിനെന്തൊക്കെയോ തെറ്റായ ധാരണകളുണ്ടായിരുന്നു. ഫോണില്‍ കൂടി കഥ പറഞ്ഞ്, ആ കഥകേട്ട് മാത്രം വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറും. ഇപ്പോള്‍ അങ്ങനെയല്ല, മറ്റു പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകള്‍ തുടങ്ങി.

എന്റെ കൈയിലേക്ക് ഒരു സ്റ്റാറിനെ കിട്ടിയാല്‍ അയാള്‍ എങ്ങനെ ആകുമെന്നത് ജയറാമിനെ കണ്ടാല്‍ മാത്രം മനസിലാകും. ജയറാമിന്റെ ഏറ്റവും മോശം അവസ്ഥയില്‍, ജയറാമിനെ വച്ച് കടിഞ്ഞൂല്‍ കല്യാണം ചെയ്യുമ്പോള്‍ തിയേറ്ററില്‍ പുള്ളിയെ കണ്ടാല്‍ കൂവും, പുള്ളിക്ക് സിനിമകളില്ല, സിനിമാ ഇന്‍ഡസ്ട്രി മുഴുവന്‍ ശത്രുക്കളാണ് ആ സമയത്ത്. ആ ആളിനെയാണ് ഞാന്‍ ഇത്രയും വര്‍ഷം 16 സിനിമകളി കൂടി ഇവിടെ പ്രതിഷ്ഠിച്ചത്’.