തര്‍ക്കങ്ങളില്‍ തുടങ്ങി അടിയില്‍ കലാശിച്ച പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല പാനലിന് വന്‍വിജയം. പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരത്തെ ചൊല്ലി പോലീസുകാര്‍ തമ്മിലടിച്ചത് നേരത്തെ വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അസിറ്റന്‍റ് കമ്മീഷ്ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വനിതകള്‍ അടക്കമുള്ള എട്ടുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സസ്പെന്‍ഷന്‍ ചെയ്യപ്പെട്ട മുഴുവന്‍ പേരും കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളായതിനാല്‍ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമായിരിക്കെയായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. വൈകീട്ടോടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇടത് അനുകൂല പാനലിനെ അട്ടിമറിച്ചുകൊണ്ട് യുഡിഎഫ് അനുകൂല പാനല്‍ വന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
സംഹകരണസംഘം തിരഞ്ഞെടുപ്പില്‍ ഇടത്‌അനുകൂല പാനലിന് വന്‍ തിരിച്ചടിയാണ് സംഭവിച്ചത്. 11 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്‍ ഭരണസമിതി അംഗങ്ങള്‍ തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 4064 പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പല്‍ 60 ശതമാനത്തിലധികം വോട്ട് നേടിയാണ് ജി ആര്‍ അജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വിജയം നേടിയത്.

പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ടി എസ് ബൈജുവിന്‍റെ നേതൃത്വത്തിലുള്ള ഇടത് അനുകൂല പാനലിനെയാണ് പരാജയപ്പെടുത്തിയത്. പ്രസിഡന്‍റായി കേരള പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ആര്‍ അജത്തിനേയും വൈസ് പ്രസിഡന്‍റായി ആര്‍ ജി ഹരിലാലിനേയും തിരഞ്ഞെടുത്തു. 2412 വോട്ടുകള്‍ നേടിയായിരുന്നു അജിത്ത് വിജയിച്ചത്. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച് സ്ഥാനാര്‍ത്ഥിയും അജിത്ത് തന്നെയാണ്.

ടിഎസ് ബൈജുവിന്‍റെ നേതൃത്വത്തിലുള്ള മുഴുവന്‍ പേരും പരാജയപ്പെടുത്തിയാണ് ഇടത് കാലയളവില്‍ തന്നെ യുഡിഎഫ് അനുകൂല സംഘടന ഭരണം പിടിച്ചെടുക്കുന്നത്.. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ യുഡിഎഫ് അനൂകല ഭരണസമിതിയെ 2017ല്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം പ്രഖ്യാപിച്ചിരുന്നു. ഒന്നരവര്‍ഷത്തിന് ശേഷം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അതേ ഭരണസമിതി വീണ്ടും അധികാരത്തിലേറുകയാണ്.

നിഷ്പക്ഷമായല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് കോടതി നിരീക്ഷണം ഏര്‍പ്പെടുത്തിയത്. പോളിങ് കേന്ദ്രമായ നന്ദാവനം ഏആര്‍ ക്യാംപില്‍ ശക്തമായ സുരക്ഷാക്രമീകരണത്തോടയാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്. പൊലീസ് സഹകരണസംഘം പിടിക്കാനുള്ള ശ്രമം പാളിയത് ഇടത്‌അനുകൂല സംഘടനകള്‍ക്ക് വന്‍ തിരിച്ചടിയായി.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമായിരുന്നു നേരത്തെ സംഘര്‍ഷത്തില്‍ കലാശിച്ചത്. ക്രമസമാധാനം സംരിക്ഷിക്കേണ്ട പൊലീസുകാര്‍ തന്നെ പരസ്പരം ഏറ്റുമുട്ടിയത് സേനക്ക് വലിയ നാണക്കേടായിരുന്നു ഉണ്ടാക്കിയത്.

സഹകരണ സംഘം തിരഞ്ഞെടുപ്പ് ജൂണ് 27 ന് നടക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിച്ചും വോട്ടിങിന് അനുവാദം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് വിതരം മനപ്പൂര്‍വം വൈകിപ്പിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ആരോപണം. നലായിരത്തോളം അപേക്ഷകരില്‍ 600 പേര്‍ക്ക് മാത്രമാണ് കാര്‍ഡ് ലഭിച്ചത്. വിതരണത്തിന് ഒരു ദിവസം മാത്രം ശേഷിക്കുമ്ബോഴും ഭൂരിഭാഗം പേര്‍ക്കും കാര്‍ഡ് നല്‍ക്കാതിരിക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടത് നീക്കമാണെന്നും ഇവര്‍ ആരോപിച്ചു.